ദുബൈ: പശ്ചിമേഷ്യയിലെ ആദ്യ ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ദുബൈ പൊലീസ്. 2026 അവസാനത്തോടെ വേൾഡ് ഐലൻഡിലായിരിക്കും ആദ്യ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുകയെന്ന് ദുബൈ പൊലീസിന്റെ അസറ്റ്സ് ആൻഡ് ഫെസിലിറ്റീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു.
ക്രിമിനൽ, ട്രാഫിക് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതുൾപ്പെടെ 27 പ്രാഥമിക സേവനങ്ങളും 33 അധിക സേവനങ്ങളും ആറു ഭാഷകളിൽ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷനിൽ ലഭ്യമാകും. കൂടാതെ നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരിച്ചേൽപിക്കുക, വിവിധ സർട്ടിഫിക്കറ്റുകൾ, പെർമിറ്റുകൾ എന്നിവക്കായുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുക എന്നീ സേവനങ്ങളും ഇവിടെ ലഭിക്കും. പുതിയ സംരംഭം ആരംഭിക്കുന്നതോടെ പരമ്പരാഗത സേവന കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം കുറയുകയും പ്രവർത്തനങ്ങളും നടപടികളും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി (എ.ഐ), റോബോട്ടിക്സ് എന്നിവ പ്രയോജനപ്പെടുത്താനും സഹായിക്കും.
കടൽത്തീരത്തുള്ള നിവാസികളുടെ സുരക്ഷ വർധിപ്പിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള ഏറ്റവും നൂതനമായ അടിസ്ഥാന സൗകര്യങ്ങളാണ് ഫ്ലോട്ടിങ് സ്റ്റേഷനിൽ സജ്ജീകരിച്ചിരിക്കുന്നത്. ബോട്ടുകളുടെയും യോട്ടുകളുടെയും രൂപത്തിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സ്റ്റേഷനിൽ സന്ദർശകർക്ക് എത്തിച്ചേരാനും തിരികെ പോകാനും എളുപ്പമാണ്. ഈ രൂപകൽപന സമുദ്ര ജീവികളുടെ സംരക്ഷണവും സുസ്ഥിരതയും നിലനിർത്താനുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന തരത്തിലാണെന്ന് കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു.
സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനായി ദുബൈ പൊലീസ് സ്ഥാപിച്ച സൗകര്യങ്ങളുടെ നാലാമത്തെ സംരംഭമാണ് ഫ്ലോട്ടിങ് എസ്.പി.എസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.