അബൂദബി: കലാലയം സാംസ്കാരിക വേദിയുടെ കീഴില്‍ നടത്തുന്ന 14ാം എഡിഷന് യു.എ.ഇ.പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24ന് അബൂദബി നാഷനല്‍ തിയേറ്ററില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത 7119 മത്സരാര്ഥികളില് നിന്ന് യൂനിറ്റ്, സെക്ടര്‍, സോണ്‍ ഘടകങ്ങളില്‍ മത്സരിച്ച് വിജയിച്ച ആയിരം പ്രതിഭകളാണ് നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരയ്ക്കുക. ‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയര്‍, സെക്കൻഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്ന് ക്യാമ്പസ് വിഭാഗത്തില്‍ പ്രത്യേക മത്സരങ്ങളും നടക്കുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറല്‍ റീഡിങ്, കൊളാഷ്, സ്പോട് മാഗസിന് തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ ഏഴു മണിക്ക് ആരംഭിക്കും. വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം നിര്‍വഹിക്കും.
എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക, സാംസ്കാരിക വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഗ്ലോബല്‍ കലാലയം കഥ, കവിത പുരസ്കാര ജേതാക്കള്‍ക്കുള്ള പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനത്തില്‍ നടക്കും. സംഘാടക സമിതി ചെയര്മാന് ഉസ്മാന് സഖാഫി തിരുവത്ര, കണ്‍വീനര്‍ ഹംസ അഹ്സനി, ആര്.എസ്.സി ഗ്ലോബല്‍ ചെയര്മാന് സകരിയ ശാമില്‍ ഇര്‍ഫാനി, ഗ്ലോബല്‍ സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍, ആര്.എസ്.സി. യു.എ.ഇ നാഷനല്‍ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അബൂദബി: ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു.എ.ഇ മുന്നോട്ടു വെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിനുമുളള സമഗ്ര സംഭാവനകളെ ആദരിച്ച് കൊണ്ട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി ബിന്‍ അല്‍ സയിദ് അബ്ദുറഹിമാന് അല്‍ ഹാഷ്മിക്ക് പ്രവാസി സാഹിത്യാല്സവിന്റെ സമാപന സമ്മേളനത്തില്‍ ടോളറന്‍സ് അവാര്‍ഡ് നല്‍കും. അബ്ദുറഹിമാന് അബ്ദുള്ള, ഉസ്മാന് സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ഹംസ അഹ്സനി, റഫീഖ് സഖാഫി വെള്ളില, ജാഫര്‍ കണ്ണപുരം തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.