ദുബൈ: ഷാർജയിലും ഫുജൈറയിലുമുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് പകരം പാസ്പോർട്ടിന് അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രളയബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി അപേക്ഷ സ്വീകരിക്കുന്നത്. ഞായറാഴ്ച കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകൾ വഴി 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്പോർട്ട്, അറ്റസ്റ്റേഷൻ ആൻഡ് എജുക്കേഷൻ കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു. ആഗസ്റ്റ് 28വരെയാണ് അപേക്ഷിക്കാവുന്നത്. പൊലീസിന്‍റെ എഫ്.ഐ.ആറും (ഇംഗ്ലീഷ് ലീഗൽ ട്രാൻസ്ലേഷൻ) പാസ്പോർട്ടിന്‍റെ പകർപ്പും ഫോട്ടോയും സമർപ്പിക്കണം. പ്രവാസിസംഘടനകളുടെ ആവശ്യം മുഖവിലക്കെടുത്താണ് കോൺസുലേറ്റ് ഇത്തരമൊരു ക്യാമ്പ് സംഘടിക്കുന്നത്. ബി.എൽ.എസ് സെന്‍ററുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
കഴിഞ്ഞമാസമുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നൂറുകണക്കിനാളുകളാണ് പെരുവഴിയിലായത്. ഇവരുടെ ജീവിതോപാധികൾക്ക് പുറമെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു.
നാട്ടിലെ സ്ഥലത്തിന്‍റെ ആധാരം പോലും നഷ്ടപ്പെട്ടവരുണ്ട്. ഇതോടെ, കെ.എം.സി.സിയും ഇന്ത്യൻ അസോസിയേഷനുകളും അടക്കമുള്ള സംഘടനകൾ കോൺസുലേറ്റിലെത്തി അടിയന്തര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പലർക്കും പാസ്പോർട്ടിന്‍റെ പകർപ്പുകൾ പോലുമില്ലാത്ത അവസ്ഥയിലാണ്. നാട്ടിൽ വിളിച്ച് പഴയ പകർപ്പുകൾ അന്വേഷിക്കുകയാണിവർ.
ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. പ്രളയത്തിൽ പാസ്പോർട്ട് നശിച്ചുപോയവർക്കും ഇപ്പോൾ അപേക്ഷിക്കാം. കുടുംബാംഗങ്ങളുടെ ഒന്നടങ്കം പാസ്പോർട്ട് നഷ്ടമായ സംഭവങ്ങളുമുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ഫിലിപ്പീൻ കോൺസുലേറ്റുകളും പ്രളയബാധിതരുടെ പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.