അബൂദബി: സായിദ് ചാരിറ്റി ഓട്ടമത്സരത്തില്‍ സൗജന്യ പ്രവേശനത്തിന് അബൂദബി നിവാസികള്‍ക്ക് അവസരമൊരുക്കി അധികൃതര്‍. ചാരിറ്റി റണ്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ട് പച്ച ട്രക്കുകള്‍ കണ്ടെത്തുന്നവര്‍ക്കാണ് സൗജന്യ പ്രവേശനം. 100 പേര്‍ക്കാണ് ഇത്തരത്തില്‍ പ്രവേശനം ലഭിക്കുക. നവംബര്‍ 15 മുതല്‍ ഈ ട്രക്കുകള്‍ നഗരത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.
നവംബര്‍ 23ന് രാവിലെ ഏഴിനാണ് അബൂദബിയിലെ ഇർദ് സായിദ് ചാരിറ്റി റണ്ണിന് തുടക്കമാവുക. ട്രക്ക് കാണുന്നവര്‍ക്ക് രജിസ്ട്രേഷന് നടത്തുന്നതിനായി വാഹനത്തില്‍ ക്യു.ആര് കോഡുകള്‍ വലുതായി തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ട്രക്ക് കാണുന്നവര്‍ ഇതിന്റെ ഫോട്ടോ എടുക്കുകയും ZCR ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ടാഗ് ചെയ്ത് ഇത് പോസ്റ്റ് ചെയ്യുകയും വേണം.
ഇതുവഴി മൂന്ന് കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍, 10 കിലോമീറ്റര്‍ എന്നിങ്ങനെ ഏതെങ്കിലുമൊരു ഇനത്തില്‍ പങ്കെടുക്കാന്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനാവും. മൂന്നു കിലോമീറ്റര്‍ ഓട്ടത്തില്‍ ആര്‍ക്കും പങ്കെടുക്കാം. എന്നാല്‍, അഞ്ച് കിലോമീറ്റര്‍ മാരത്തണില്‍ ഇടത്തരം ഓട്ടക്കാര്‍ക്കും 10 കിലോമീറ്റര്‍ മാരത്തണില്‍ കായികക്ഷമതയുള്ള ഓട്ടക്കാര്‍ക്കും പങ്കെടുക്കാം.
ഏത് ഇനത്തില്‍ പങ്കെടുക്കണമെങ്കിലും 57.75 ദിര്‍ഹം ഫീസ് അടക്കണം. അതേസമയം നിശ്ചയദാര്‍ഢ്യ ജനതയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യമിട്ട് 2001ലായിരുന്നു സായിദ് ചാരിറ്റി റണ്ണിന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് തുടക്കം കുറിച്ചത്. അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനുള്ള ആദരവായിട്ടാണ് ഇത്തരമൊരു പരിപാടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.