അജ്മാന്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും എന്ന അപൂര്‍വ നേട്ടം കരസ്ഥമാക്കിയ മകളുടെ നേട്ടത്തിൽ അഭിമാനത്തോടെ പ്രവാസി അധ്യാപകൻ. കഴിഞ്ഞ ദിവസം ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം വന്നപ്പോള്‍ കോഴിക്കോട് ചെറുവത്തൂര്‍ കൂട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വഫ അഷ്റഫാണ് നേട്ടം കൈവരിച്ചത്. വഫയുടെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് യു.എ.ഇയിൽ പ്രവാസിയായ കോഴിക്കോട് ജില്ലയിലെ പൈങ്ങോട്ടായി സ്വദേശി പിതാവ് അഷ്റഫ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അറബിക് വിഭാഗം അധ്യാപകനാണ് അജ്മാനില്‍ താമസിക്കുന്ന അഷ്റഫ്. മാതാവ് റസിയ കൊടക്കാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപികയാണ്. വഫ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയാണ്. ഡോക്ടര്‍ ആകണമെന്നാണ് വഫയുടെ ആഗ്രഹം.
പഠനകാര്യത്തില്‍ മകളുടെ ആഗ്രഹത്തിനൊത്ത് നില്‍ക്കാനാണ് അഷ്റഫ് മാഷിനും താൽപര്യം. മകളുടെ അപൂര്‍വ നേട്ടം അറിഞ്ഞതു മുതല്‍ നിരവധിപേരാണ് അഷ്റഫിനെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. മകളുടെ നേട്ടത്തില്‍ അതിയായി സന്തോഷിക്കുന്നതായി അഷ്റഫ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ പാസായ ബി.ഡി.എസ് വിദ്യാര്‍ഥിനി ശിഫ അഷ്റഫ് വഫയുടെ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.