റാസല്‍ഖൈമ: നാലാമത് ‘ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം വാർഷിക ഉച്ചകോടി 2024’ ഡിസംബര്‍ ആദ്യവാരം റാസല്‍ഖൈമയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ‘ഫ്യൂച്ചര്‍ ഓഫ് വെല്‍ത്ത്’ മുഖ്യ വിഷയമായി ധന സമ്പാദനം, കൈകാര്യകര്‍തൃത്വം തുടങ്ങിയ പഠനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ആഗോള ഉച്ചകോടി ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ ഇന്റര്‍കോണ്ടിനെന്റല്‍ റാസല്‍ഖൈമ മിന അല്‍ അറബ് റിസോര്‍ട്ട് ആൻഡ് സ്പായിലാണ് നടക്കുക.
റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (ടി.ഡി.എ) -പ്രെസ്റ്റല്‍ ആൻഡ് പാര്‍ട്ണര്‍ സംയുക്ത സഹകരണത്തില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മിറ്റില്‍ ഭരണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.
ലോകതലത്തിലുള്ള പ്രതിഭാധനര്‍, വ്യവസായ പ്രമുഖര്‍, ലോക പ്രശസ്ത നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഒരു കുടക്കീഴില് അണിനിരക്കുന്നതാകും ഉച്ചകോടിയെന്ന് സംഘാടകര്‍ പറഞ്ഞു. ആധുനിക യുഗത്തിലെ സാമ്പത്തിക മാനേജ്മെന്റ് നയം, സാമ്പത്തിക മേഖലയിലെ നൂതന മാര്‍ഗങ്ങള്‍, ആഗോള പൗരത്വം തുടങ്ങിയവയും ഫോറത്തില്‍ വിഷയീഭവിക്കും.
ആഗോള ഹബ് എന്ന നിലയില്‍ റാസല്‍ഖൈമയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതാകും ആഗോള പൗരന്മാരുടെ ഒത്തുചേരലെന്ന് റാക് ടി.ഡി.എ വൃത്തങ്ങള്‍ പറഞ്ഞു. ആഗോളതലത്തിലുള്ള ഈവന്റുകളുടെ നിയന്ത്രണത്തിനും സംരംഭകരുടെ സുസ്ഥിര വളര്‍ച്ചക്കും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിനായുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുന്ന മുന്‍ നിര ഫോറമാണ് പ്രെസ്റ്റല്‍ ആൻഡ് പാര്‍ട്ണര്‍.
സർവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുകയെന്ന ‘ഗ്ലോബല്‍ സിറ്റിസണ്‍ ഫോറ’ത്തിന്റെ കാഴ്ച്ചപ്പാടെന്ന് സ്ഥാപകനും ചെയര്‍മാനുമായ അര്‍മാന്‍ഡ് ആര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു.
തലമുറകളുടെ സമ്പത്ത് ആസൂത്രണം, വൈവിധ്യമാര്‍ന്ന അവസരങ്ങളിലേക്കുള്ള പ്രവേശനം, അപകട സാധ്യതകളുടെ ലഘൂകരണം, അതിര്‍ത്തിക്കപ്പുറത്തുള്ള സമ്പദ് സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുന്നതിന് ആഗോള മൊബിലിറ്റി നിര്‍ണായകമാണെന്ന് പ്രെസ്റ്റല്‍ ആൻഡ് പാര്‍ട്ണര്‍ സ്ഥാപക പങ്കാളി കട്ജ മുല്‍ഹൈം പറഞ്ഞു.
0യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ മുഖ്യ രക്ഷാകര്‍തൃത്വത്തിലാണ് റാസല്‍ഖൈമയില്‍ ‘ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം ആന്വല്‍ സമ്മിറ്റ് 2024 നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.