ദുബൈ: ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമപുരസ്കാര വേദിയിൽ മലയാളിത്തിളക്കം. ഇക്കുറി നാല് മലയാളികളാണ് അഭിമാനകരമായ പുരസ്കാരത്തിന് അർഹരായത്. ഇതര ഭാഷാപത്രങ്ങളിലെ സമഗ്ര കവറേജിന് ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി സ്വാലിഹ് കോട്ടപ്പള്ളിക്കാണ് പുരസ്കാരം.
ലോകത്തിന്റെ സംഗമവേദിയായ ഗ്ലോബൽ വില്ലേജിലെ വിശേഷങ്ങൾ ‘ഗൾഫ് മാധ്യമം’ പത്രത്തിലൂടെയും ഞായറാഴ്ചകളിലെ പ്രത്യേക പതിപ്പായ ഇമാറാത്ത് ബീറ്റ്സിലൂടെയും പ്രസിദ്ധീകരിച്ചത് പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് ‘ഗൾഫ് മാധ്യമം’ പുരസ്കാരം സ്വന്തമാക്കുന്നത്.
2022ലും മികച്ച കവറേജിനുള്ള പുരസ്കാരം ‘ഗൾഫ് മാധ്യമ’ത്തിനായിരുന്നു. ഗ്ലോബൽ വില്ലേജിലെ വിശേഷങ്ങൾ മീഡിയവണിന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെച്ചതാണ് പ്രിൻസിപ്പൽ കറൻസ്പോണ്ടന്റ് ഷിനോജ് ഷംസുദ്ദീനെ തുടർച്ചയായ മൂന്നാം തവണയും പുരസ്കാരത്തിന് അർഹനാക്കിയത്. 2021, 2022 വർഷങ്ങളിലും തൃശൂർ എടത്തിരുത്തി കുട്ടമംഗലം സ്വദേശിയായ ഷിനോജിനെത്തേടി പുരസ്കാരം എത്തിയിരുന്നു.
മികച്ച ഇംഗ്ലീഷ് ലേഖനത്തിനുള്ള പുരസ്കാരം നേടിയ ഖലീജ് ടൈംസ് ഹാപ്പിനസ് എഡിറ്റർ നസ്റീൻ അബ്ദുല്ല ഹിറ്റ് എഫ്.എം ആർ.ജെ അർഫാസ് ഇഖ്ബാലിന്റെ ഭാര്യയാണ്. പാലക്കാട് സ്വദേശിനിയും ചാനൽ ന്യൂ ചീഫ് എഡിറ്ററുമായ ശാന്തിനി മേനോനാണ് മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള പുരസ്കാരം നേടിയത്. അതേസമയം, മികച്ച രൂപകൽപനക്കുള്ള പുരസ്കാരം ഇന്ത്യൻ പവിലിയൻ സ്വന്തമാക്കി. ഗ്ലോബൽ വില്ലേജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന പവിലിയനാണ് ഇന്ത്യയുടേത്. കഴിഞ്ഞ വർഷവും ഇന്ത്യൻ പവിലിയൻ പുരസ്കാരം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.