ദുബൈ: ലൈസൻസിലെ ബ്ലാക്ക്പോയന്റുകൾ കുറക്കാൻ സുവർണാവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം. പുതിയ അക്കാദമിക വർഷം തുടങ്ങുന്ന ആഗസ്റ്റ് 28ന് സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് നാല് ട്രാഫിക് പോയന്റുകൾ നൽകുമെന്നാണ് മന്ത്രാലയത്തിന്റെ വാഗ്ദാനം. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് പുതിയ അധ്യയന വർഷത്തെ ആദ്യദിനം ഞാൻ സുരക്ഷിതമായി വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയേ വേണ്ടൂ. തുടർന്ന് അന്നേ ദിവസം ട്രാഫിക് നിയമം ലംഘിക്കാനോ അപകടം വരുത്താനോ പാടില്ല. എങ്കിൽ ലൈസൻസിൽ നാല് പോസിറ്റിവ് പോയന്റ് ലഭിക്കുമെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ അറിയിച്ചു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ‘അപകടമില്ലാത്ത ദിനം’ സംരംഭത്തിന്റെ ഭാഗമായാണ് നടപടി. രണ്ടുമാസത്തെ വേനലവധിക്കു ശേഷം ആഗസ്റ്റ് 28നാണ് യു.എ.ഇയിൽ സ്കൂളുകൾ തുറക്കുന്നത്. അന്നേ ദിവസം അപകടരഹിതമാക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ അറിയിച്ചു. ലൈസൻസിൽ ബ്ലാക്ക് പോയന്റ് ഉള്ളവർക്ക് അതു കുറക്കാൻ പുതിയ സംരംഭം സഹായകമാവും.രാജ്യത്ത് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കാണ് പൊലീസ് ബ്ലാക്ക് പോയന്റ് ലഭിക്കുന്നത്. 24 ബ്ലാക്ക് പോയന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.