ദുബൈ: തികച്ചും അവിചാരിതമായാണ് അബൂദബി കോർണിഷ് ആശുപത്രിയുടെ ചുമരിൽ പതിച്ച ഫോട്ടോ പ്രവാസി മലയാളിയായ ഇംതിയാസ് ഖുറൈഷിയുടെ കണ്ണിൽ ഉടക്കിയത്. ഗൾഭിണിയായ ഭാര്യയുമായി പരിശോധനക്കെത്തിയതായിരുന്നു അദ്ദേഹം. ലോബിയിൽ ഇരിക്കുമ്പോഴാണ് തൊട്ടുമുന്നിൽ പുഞ്ചിരി തൂകിയ ആ മുഖം ശ്രദ്ധയിൽപ്പെടുന്നത്. ആരെയും മോഹിപ്പിക്കുന്ന ആ പുഞ്ചിരി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന തോന്നൽ മനസ്സിൽ ഉയർന്നതോടെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി. അതേ, തന്റെ മകൻ അയാൻ അഹമ്മദ് ഖുറൈഷിയുടേതാണ് ആ ചിത്രം.
പക്ഷേ, പ്രവാസിയായ തന്റെ മകന്റെ ഫോട്ടോ യു.എ.ഇയിലെ ഏറ്റവും പ്രശസ്തമായ പ്രസവാശുപത്രിയുടെ ചുമരിലും പ്രധാന കവാടത്തിലും പതിക്കുമോയെന്ന് സംശയം. അതോടെ ആശുപത്രി അധികൃതരോട് അന്വേഷിച്ചു. അവർ രേഖകൾ പരിശോധിച്ചപ്പോഴാണ് അത് സത്യമാണെന്ന് അറിഞ്ഞത്. അതോടെ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഇതിനിടെ പരിശോധന കഴിഞ്ഞ് തിരികെയെത്തിയ ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ അവർക്കും അത്ഭുതം.
10 വർഷം മുമ്പാണ് രണ്ടാമത്തെ മകൻ അയാൻ അഹമ്മദ് ഖുറൈഷിയെ കോർണിഷ് ആശുപത്രിൽ വെച്ച് ഗസ്ന ഇംതിയാസ് ഖുറൈഷി പ്രസവിക്കുന്നത്. അന്ന് പ്രഫഷനൽ ഫോട്ടോഗ്രാഫർ വന്ന് കുഞ്ഞിന്റെ ഫോട്ടോ എടുത്തിരുന്നെങ്കിലും കാര്യം വ്യക്തമാക്കിയിരുന്നില്ല. ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്ന് മാത്രമായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് നാലു വർഷങ്ങൾക്കുശേഷം മൂന്നാമത്തെ പ്രവസവവുമായി ബന്ധപ്പെട്ട പരിശോധനക്ക് എത്തിയപ്പോഴാണ് ലോബിയിലും ആശുപത്രിയുടെ കവാടത്തിലും മകന്റെ പുഞ്ചിരിതൂകിയ മുഖം ശ്രദ്ധയിൽപ്പെടുന്നത്.
പ്രസവം കഴിഞ്ഞ് കുട്ടിയുടെ കേൾവി പരിശോധനയുടെ റിസൾട്ട് ബുക്കിലും മകന്റെ ഫോട്ടോ കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി. പ്രവാസിയാണെങ്കിലും തന്റെ മകന്റെ ഫോട്ടോ ഇത്ര വലിയ ആശുപത്രിയുടെ ചുമരിൽ പതിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇംതിയാസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. യു.എ.ഇയിലെ പ്രമുഖ ഫിലാറ്റലിസ്റ്റാണ് തൃശൂർ സ്വദേശിയായ ഇംതിയാസ് ഖുറൈഷി. കുടുംബസമേതം യു.എ.ഇയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.