ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ ‘റാശിദ്’ റോവറിന്റെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ആദ്യ ശ്രമം ചൊവ്വാഴ്ച. യു.എ.ഇ സമയം രാത്രി 8.40നാണ് ചരിത്രദൗത്യം നടക്കുകയെന്ന് ‘റാശിദ്’ വഹിക്കുന്ന ഹകുതോ-ആർ മിഷൻ ലാൻഡറിന്റെ നിർമാതാക്കളായ ഐസ്പേസ് വ്യക്തമാക്കി. ആദ്യശ്രമം പരാജയപ്പെട്ടാൽ വീണ്ടും മറ്റൊരു ദിവസം നിശ്ചയിക്കേണ്ടതായിവരും. കഴിഞ്ഞ മാസം അവസാനത്തിൽ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയതായി കമ്പനി അറിയിച്ചിരുന്നു.
ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടം ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും. ശ്രമം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. അതോടൊപ്പം ചന്ദ്രനിലേക്കുള്ള വാണിജ്യ കാർഗോ ദൗത്യത്തിൽ വിജയിക്കുന്ന ആദ്യത്തെ കമ്പനിയായി ഐസ്പേസ് മാറുകയും ചെയ്യും. അതിനിടെ ‘റാശിദി’ന്റെ ചരിത്രദൗത്യം വീട്ടിലിരുന്നും മൊബൈലിലും കാണാനുള്ള സംവിധാനം ഒരുക്കിയതായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അധികൃതർ അറിയിച്ചു. ഇതിനായി ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സജ്ജീകരണമാണുള്ളത്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ലഭ്യമാകുന്ന ഇന്ററാക്ടിവ് അനുഭവം ബഹിരാകാശ കേന്ദ്രം അറ്റ്ലാന്റിക് പ്രൊഡക്ഷൻസുമായി ചേർന്നാണ് രൂപപ്പെടുത്തിയത്.
ബഹിരാകാശ, ശാസ്ത്ര, സാങ്കേതിക വിജ്ഞാനീയങ്ങളിൽ പൊതുജനങ്ങളെ ബോധവത്കരിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബഹിരാകാശ കേന്ദ്രം ഡയറക്ടർ സലീം അൽ മർറി പറഞ്ഞു.
മുൻ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേര് നൽകപ്പെട്ട ‘റാശിദ്’ റോവർ കഴിഞ്ഞ വർഷം ഡിസംബർ 11നാണ് യു.എസിലെ േഫ്ലാറിഡ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ചത്.
ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.