ദുബൈ: യു.എ.ഇയിലെ വാരാന്ത്യ അവധിദിനങ്ങളിലെ പുതിയമാറ്റം രാജ്യത്തെ ബിസിനസ് രംഗത്തിന് വലിയ രീതിയിൽ ഉണർവേകുമെന്ന് പ്രതീക്ഷ. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. ലോകത്തുതന്നെ ആഴ്ചയിൽ അഞ്ചുദിവസത്തിൽ കുറവ് ജോലിസമയം നിശ്ചയിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ. ജീവനക്കാർക്ക് രണ്ടര ദിവസമാണ് രാജ്യത്ത് ഒഴിവു സമയം ലഭിക്കുന്നത്. സാമ്പത്തിക രംഗത്തെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുള്ള നിരവധിയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ സമയമാറ്റം കൊണ്ടുവന്നിട്ടുള്ളത്. കഴിഞ്ഞ മാസം രാജ്യത്തെ തൊഴിൽ നിയമങ്ങളിലും സിവിൽ-ക്രിമിനൽ നിയമങ്ങളിലും പരിഷ്കരണം പ്രഖ്യാപിച്ചിരുന്നു.
ബിസിനസ് രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനൊപ്പം സാമൂഹികക്ഷേമം മെച്ചപ്പെടുത്തുന്നതുകൂടി ലക്ഷ്യം വെച്ചാണ് സർക്കാർ പുതിയ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
ആഗോള വിപണികളുമായി യു.എ.ഇയെ മികച്ച രീതിയിൽ യോജിപ്പിക്കാൻ പുതിയ പ്രവൃത്തി ആഴ്ച സംവിധാനം സഹായിക്കും. നിക്ഷേപകർക്കും അന്താരാഷ്ട്ര കമ്പനികൾക്കും വലിയരീതിയിൽ സഹായകവും പ്രോത്സാഹനവുമാകും തീരുമാനമെന്നും നിരീക്ഷിക്കപ്പെടുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യമായി കണക്കാക്കുന്ന രാജ്യങ്ങളുമായുള്ള സുഗമമായ സാമ്പത്തിക, വ്യാപാര ഇടപാടുകൾ ഉറപ്പാക്കുകയും യു.എ.ഇ ആസ്ഥാനമായുള്ള ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികൾക്ക് അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങളും അവസരങ്ങളും സുഗമമാക്കുകയും ചെയ്യും. ഇത് പുതിയ വ്യാപാര അവസരങ്ങൾ തുറക്കാനും പൗരന്മാർക്കും താമസക്കാർക്കും എളുപ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
യു.എ.ഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ സ്വകാര്യ മേഖലയിലെ കമ്പനികളോടും ബിസിനസുകളോടും രാജ്യം പ്രഖ്യാപിച്ച പുതിയ വർക്കിങ് വീക്ക് സംവിധാനം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ജുമുഅ നമസ്കാരത്തിന് ജീവനക്കാർക്ക് അവധി നൽകാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച തൊഴിൽനിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരുദിവസമെങ്കിലും അവധി നൽകൽ നിർബന്ധമാണ്. കമ്പനികൾക്ക് ഇത് വർധിപ്പിക്കാൻ തീരുമാനമെടുക്കാവുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.