ദുബൈ: യു.എ.ഇയിലെ പ്രശസ്തമായ ഹണി ഫെസ്റ്റിവൽ ഡിസംബർ 27 മുതൽ ഹത്തയിൽ നടക്കും. തേനീച്ച വളർത്തുന്ന 50ഓളം ഇമാറാത്തി സംഘങ്ങൾ തങ്ങളുടെ വിഭവങ്ങൾ പരിചയപ്പെടുത്താൻ എത്തും. 31 വരെ ഹത്ത കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഹണി ഫെസ്റ്റിവലിന്റെ ഏഴാം സീസണാണ് ഇക്കുറി നടക്കുന്നത്. യു.എ.ഇയുടെ സംസ്കാരം വിളിച്ചോതുന്ന ഫെസ്റ്റിവൽകൂടിയാണിത്. തേൻ ഉൽപാദനവുമായി ബന്ധപ്പെട്ട പുതിയ സാധ്യതകൾ ചർച്ചചെയ്യും.
വ്യത്യസ്തമായ തേനുകളും തേനുൽപന്നങ്ങളും അണിനിരക്കും. തേനിന്റെ ഗുണഗണങ്ങൾ വിശദീകരിക്കുന്ന സെഷനുകൾ നടക്കും. തേനിന്റെ അനന്ത സാധ്യതകൾ വിലയിരുത്തുന്ന ഫെസ്റ്റ് വിപണിക്ക് ഉണർവുപകരും. ഫാമിലി മാർക്കറ്റ്, കുട്ടികളുടെ കളിസ്ഥലം, തേൻ സാമ്പ്ൾ പരിശോധന എന്നിവയുണ്ടാകും. യു.എ.ഇയിൽ ഏതൊക്കെ തരം തേൻ ലഭിക്കുമെന്ന് ഇവിടെ നേരിൽ കണ്ടറിയാം. രണ്ടു തരം തേനീച്ചകളുടെ ആവാസകേന്ദ്രമാണ് യു.എ.ഇ. നാടൻ കാട്ടുതേനീച്ചകളും ഇറക്കുമതി ചെയ്ത തേനീച്ചകളും ഇവിടെയുണ്ട്. പ്രാദേശിക തേനീച്ച വ്യവസായത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് 2017ൽ തേനീച്ചവളർത്തുകാരുടെ അസോസിയേഷൻ രൂപവത്കരിച്ചിരുന്നു. യു.എ.ഇയുടെ ശൈത്യകാല വിനോദസഞ്ചാര കാമ്പയിന്റെ ഭാഗംകൂടിയാണ് ഹണി ഫെസ്റ്റിവൽ. ഹത്തയിൽ വൻ ടൂറിസം പദ്ധതികളാണ് ദുബൈ ഗവൺമെന്റ് ലക്ഷ്യമിടുന്നത്. തണുപ്പുകാലം തുടങ്ങിയതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.