ദുബൈ: യു.എ.ഇയുടെ ചെവ്വാ പര്യവേക്ഷണ ഉപഗ്രഹമായ 'ഹോപ് പ്രോബ്' ഗ്രഹത്തെ കുറിച്ച് കൂടുതൽ അറിവുകളിലേക്ക് വെളിച്ചം വീശാൻ സാധ്യതയുള്ള വിവരങ്ങൾ ശേഖരിച്ചു. ചൊവ്വയുടെ ഭ്രമണ പദത്തിൽ നിന്ന് നിരീക്ഷിച്ച് പകർത്തിയ ചിത്രങ്ങളടക്കം 57ജിഗാബൈറ്റ് ഡാറ്റയാണ് പുതുതായി ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നു മുതൽ നവംബർ 30വരെ കണ്ടെത്തിയതാണ് ഈ വിവരങ്ങൾ. നേരത്തെ രണ്ടു തവണകളായി ഹോപ്പ്പ്രോബ് വിലപ്പെട്ട നിരവധി വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഗവേഷകർ, വിദ്യാർഥികൾ, മറ്റ് ഗുണഭോക്താക്കൾ എന്നിവരുമായി ചൊവ്വയുടെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള പുതിയ ഡാറ്റ പങ്കിടുന്നത് ശാസ്ത്രീയ ഗവേഷണങ്ങളെയും പഠനങ്ങളെയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദൗത്യത്തിന്റെ പദ്ധതി ഡയറക്ടറായ എൻജി. ഒമ്രാൻ ശറഫ് പറഞ്ഞു.
ചൊവ്വയെ പൂർണമായി ഭ്രമണം ചെയ്തുള്ള നേരത്തെ ആസൂത്രണം ചെയ്ത ദൗത്യം ഹോപ്പ്രോബ് മികച്ച രീതിയിൽ തുടരുകയാണ്. ഇമാറാത്തി വിദഗ്ധരെയും അന്തർദേശീയ വൈദഗ്ധ്യവും ഉപയോഗിച്ച് നിർമ്മിച്ച പോബിന്റെ കാര്യക്ഷമതയും ഉയർന്ന നിലവാരമുള്ളതാണ്. ചുവന്ന ഗ്രഹത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സമൂഹത്തിന് ഇത് ശ്രദ്ധേയമായ സംഭാവനകളർപ്പിക്കുന്നുണ്ട്. അതുവഴി ബഹിരാകാശ മേഖലയിൽ യു.എ.ഇയുടെ അഭിമാനകരമായ സ്ഥാനം ഉറപ്പിക്കപ്പെടുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോപ്പ് വഴി ലഭിക്കുന്ന ഓരോ ഡാറ്റ ഡൗൺലിങ്കും ചൊവ്വയെയും അതിന്റെ അന്തരീക്ഷത്തെയും കുറിച്ച കൂടുതൽ ഉൾക്കാഴ്ചകൾ നൽകുന്നതാണെന്ന് എമിറേറ്റ്സ് മാർസ് മിഷൻ സയൻസ് ലീഡ് ഹസ്സ അൽ മത്റൂഷി പറഞ്ഞു. ഉപകാരപ്രദമായ ശാസ്ത്രീയ ഡാറ്റ നൽകുന്നതിനും രാജ്യത്തിന്റെ കഴിവുകൾ വർധിപ്പിക്കുന്നതിനും ആഗോള സഹകരണം വളർത്തുന്നതിനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മൂന്നാമത്തെ ബാച്ച് വിവരങ്ങളും ഡാറ്റയും പദ്ധതിയുടെ വെബ്സൈറ്റിലെ ഡാറ്റാ സെൻറർ വഴി ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹവുമായി പങ്കുവെച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 8ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിച്ചേർന്ന പേടകം ഗ്രഹത്തിന്റെ അന്തരീക്ഷത്തിന്റെയും കാലാവസ്ഥയുടെയും നിലവിലെ അവസ്ഥയും അതിന്റെ മുകളിലെ അന്തരീക്ഷത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും നഷ്ടമാകാനുള്ള കാരണവുമാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.