ദുബൈ: എമിറേറ്റിലുടനീളം വാഹനങ്ങളുടെ പാർക്കിങ് നിയമലംഘനവുമായി ബന്ധപ്പെട്ട് ഈടാക്കിയ പിഴയിൽനിന്നുള്ള വരുമാനം 56 ശതമാനം വർധിച്ചതായി പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ അറിയിച്ചു. മൂന്നാംപാദ വർഷത്തിൽ 6.49 കോടി ദിർഹമാണ് പാർക്കിങ് പിഴയിനത്തിൽ ലഭിച്ചത്.
മൂന്നു മാസത്തിനിടെ 4.18 ലക്ഷം പേർക്ക് പിഴയിട്ടതായും പാർക്കിൻ അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ പിഴയിനത്തിൽ ലഭിച്ചത് 2.82 ലക്ഷം ദിർഹമായിരുന്നു. ഈ വർഷം ആദ്യ ഒമ്പത് മാസത്തിൽ മൊത്തം പിഴത്തുക 26 ശതമാനം വർധിച്ച് 17.2 കോടി ദിർഹമിലെത്തി.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഇത് 13.6 കോടി ദിർഹമായിരുന്നു. പാർക്കിങ് സ്ഥലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്താനായി സ്മാർട്ട് പരിശോധന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ മേഖലകളിലേക്ക് സേവനം വ്യാപിക്കാനുള്ള ആലോചനയിലാണ് പാർക്കിൻ.
ഇതിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ 24 പരിശോധന കാറുകൾകൂടി നിയോഗിക്കും. മൂന്നാം പാദത്തിന്റെ അവസാനത്തോടെ 57 ലക്ഷം വാഹനങ്ങളാണ് പരിശോധിച്ചതെന്നും പാർക്കിൻ അറിയിച്ചു. 2023നെ അപേക്ഷിച്ച് പരിശോധനയിൽ 47 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
പരിശോധകർ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സോഫ്റ്റ് വെയറുകൾ ജൂലൈമുതൽ പരിഷ്കരിച്ചിട്ടുണ്ട്. ഇതുവഴി കൂടുതൽ വാഹനങ്ങൾ വേഗത്തിൽ പരിശോധിക്കാൻ സാധിക്കും. ഈ വർഷം ഇതുവരെ 20.7 ലക്ഷം പാർക്കിങ് സ്ഥലങ്ങളാണ് പാർക്കിൻ നിയന്ത്രണത്തിലുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ആറുശതമാനം വർധനയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.