അബൂദബി: വാഹനങ്ങളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് മാലിന്യം വലിച്ചെറിയുകയോ ബസ് സ്റ്റോപ്പുകളില്‍ പാര്‍ക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുകയോ അപകടാവസ്ഥ സൃഷ്ടിക്കുകയോ ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന് അബൂദബി പൊലീസ്. ഓടിക്കൊണ്ടിരിക്കുമ്പോഴോ നിര്‍ത്തിയിടുമ്പോഴോ വഴിയരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ. യാത്രികര്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞില്ലെങ്കില്‍ ഡ്രൈവറിന് പിഴ ചുമത്തും. പിഴക്ക് പുറമെ ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയന്റ് വീഴും.
വാഹനം ഓടിക്കുമ്പോഴും, പാര്‍ക്ക് ചെയ്യുമ്പോഴും കാറിലുള്ളവർ മാലിന്യം പുറത്തേക്കിടുന്നത് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കിയത്. പാര്‍ക്കുകളിലും മറ്റും ഇത്തരത്തില്‍ മാലിന്യക്കവറുകള്‍ കാണാനാവും. മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ ഉണ്ടെങ്കിലും അശ്രദ്ധമായി വലിച്ചെറിയുന്നതിനെതിരെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗതാഗത നിയമലംഘനങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്കരണങ്ങൾ നല്‍കുകയും നിരത്തുകളില്‍ അത്യാധുനിക കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അമിത വേഗം, മുന്നറിയിപ്പില്ലാതെയുള്ള ലെയിന്‍ മാറ്റം, മറ്റു വാഹനങ്ങളോട് മതിയായ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ഇത്തരം കാമറകള്‍ കണ്ടെത്തുകയും വാഹനയുടമകള്‍ക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുന്നത്.
ബസ് സ്റ്റോപ്പുകളില്‍ വാഹനം പാര്‍ക്ക് ചെയ്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയും അപകടാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നതിനെതിരെ അബൂദബി സംയോജിത ഗതാഗത കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തും.
ബസ് സ്റ്റോപ്പുകളില്‍ എത്തി ഇതര വാഹനങ്ങള്‍ യാത്രികരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിനെതിരെ നേരത്തേ മുന്നറിയിപ്പുണ്ട്. ബസ് യാത്രികരെ സ്റ്റോപ്പുകളില്‍ ഇറക്കുന്നതിനും തിരികെകൊണ്ടുപോവുന്നതിനുമായി മറ്റു വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് ഇടം ക്രമീകരിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നുമാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.