ദുബൈ: വേനലവധി പ്രഖ്യാപിച്ചതോടെ ആരംഭിച്ച വൻ തിരക്ക് നിയന്ത്രിക്കാൻ യാത്രികർ അല്ലാത്തവർക്ക് നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ വിമാനത്താവള അധികൃതർ. തിരക്കേറിയ സമയങ്ങളിൽ ടെർമിനലിനകത്ത് യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ടെർമിനൽ ഒന്നിലും മൂന്നിലും പൊതു ഗതാഗത സംവിധാനങ്ങൾക്കും അതോറിറ്റി വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം. തിരക്ക് കണക്കിലെടുത്ത് യാത്രയയപ്പുകളും മറ്റും വീട്ടിൽ വെച്ച് നടത്താനാണ് അധികൃതരുടെ നിർദേശം. ജൂലൈ ആറു മുതൽ 17 വരെ 33 ലക്ഷം യാത്രക്കാർ ദുബൈ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷ. ഇതിൽ ഒമ്പത് ലക്ഷത്തിന് മുകളിൽ യാത്രക്കാർ ദുബൈയിൽ നിന്ന് യാത്ര പുറപ്പെടുന്നവരാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് യു.എ.ഇയിൽ സ്കൂളുകൾക്ക് വേനലവധി പ്രഖ്യാപിക്കാറ്.
പ്രവാസികൾ ഉൾപ്പെടെയുള്ളവർ സ്വന്തം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ ദുബൈ വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും ഇക്കാലയളവിലാണ്. ജൂലൈ 12 മുതൽ 14 വരെ തീയതികളിലായി 8,40,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 286,000 പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ജൂലൈ 13നാണ് ഏറ്റവും തിരക്കേറിയ സമയമായി കണക്കാക്കുന്നത്. അതേസമയം, യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് ഫ്ലൈദുബൈ അധികൃതർ അറിയിച്ചു.
തിരക്കൊഴിവാക്കാൻ ടെർമിനൽ ഒന്നിനും മൂന്നിനും ഇടയിൽ മെട്രോ ഉപയോഗിക്കാം. തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് കുരുക്കിന് സാധ്യതയുള്ളതിനാൽ വിമാനത്താവളത്തിലേക്ക് നേരത്തെ പുറപ്പെടണമെന്ന് എമിറേറ്റ്സ് എയർലൈനും യാത്രക്കാരോട് അഭ്യർഥിച്ചു. ചെക്ക് ഇൻ ചെയ്യാനും സുരക്ഷ സ്ക്രീനിങ്ങിനും മറ്റുമായി കൂടുതൽ സമയം ആവശ്യമായതിനാൽ യാത്ര തടസ്സപ്പെടാതിരിക്കാൻ നേരത്തെ വിമാനത്താവളത്തിലെത്തണമെന്നാണ് നിർദേശം. തിരക്ക് കണക്കിലെടുത്ത് ചില വിമാന കമ്പനികൾ ഓൺലൈൻ ചെക്കിൻ സൗകര്യങ്ങളും അഡ്വാൻസ് ചെക്കിങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
12 വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് ഇമിഗ്രേഷൻ ക്ലിയറൻസിന് സ്മാർട്ട് ഗേറ്റ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. അതേസമയം, കഴിഞ്ഞ വർഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ഇതേ കാലയളവിൽ വിമാന ടിക്കറ്റ് ബുക്കിങ്ങിൽ 35 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യാത്ര സേവന ദാതാക്കളായ ദിനാറ്റ റിപോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.