ദുബൈ: യു.എ.ഇയുമായുള്ള എണ്ണ ഇറക്കുമതി ഇടപാടുകൾ രൂപയിൽ നടത്താനുള്ള ഇന്ത്യയുടെ തീരുമാനം ഉഭയകക്ഷി വ്യാപാരത്തിൽ വൻ കുതിപ്പിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ. ഇന്ത്യയുടെ നീക്കം നിലവിൽ ഡോളറിൽ നടക്കുന്ന ആഗോള വ്യാപാര ഇടപാടുകളിൽ മാതൃകപരമായ മാറ്റത്തിന് ഇടയാക്കുമെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശിക കറൻസിയിൽ കുതിച്ചുയരുന്ന ഉഭയകക്ഷി വ്യാപാരം രണ്ട് വർഷത്തിൽ 100 ശതകോടി ഡോളർ കടക്കാനുള്ള പാതയിലാണ്.
2022ൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ്) ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 85 ശതകോടി ഡോളറായി ഉയർന്നിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യകേന്ദ്രവുമാണ് യു.എ.ഇ. തിരിച്ച് ഇന്ത്യയും യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ്.
അതോടൊപ്പം ലോകത്തെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്തൃ രാജ്യമായ ഇന്ത്യയെ സംബന്ധിച്ച് ഡോളറിനെ മറികടന്ന് രൂപയിൽ ഇടപാട് നടത്താൻ കഴിഞ്ഞുവെന്നത് ചരിത്രപരമായ നീക്കമായിരുന്നു. ബ്രിക്സ് കൂട്ടായ്മയിലെ പ്രധാന അംഗമെന്ന നിലയിൽ ബ്രിക്സിന്റെ നയങ്ങൾക്ക് അനുസൃതമായിരുന്നു ഇന്ത്യയുടെ നീക്കം. എണ്ണ ഇടപാടുകാരെ വൈവിധ്യവത്കരിക്കാനും ചെലവ് കുറക്കാനും പ്രാദേശിക കറൻസിയെ ഇടപാടുകൾക്ക് ഉപയോഗിക്കാനുമുള്ള ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.
പ്രാദേശിക കറൻസിയിൽ ഇടപാട് സാധ്യമായതോടെ ഒരു കറൻസിയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൂർണമായും ഇല്ലാതാകും. അതോടൊപ്പം രാജ്യാന്തര വാണിജ്യ ഇടപാടുകളിൽ സ്വീകാര്യമായ പേമെന്റ് രീതിയായി രൂപയിലെ ഇടപാട് സ്വീകരിക്കപ്പെടാനും ഇന്ത്യയുടെ നീക്കം സഹായകമാകും. 2022-23 സാമ്പത്തിക വർഷം 232.7 ദശലക്ഷം ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാനായി ഇന്ത്യ 157.5 ശതകോടി ഡോളറാണ് ചെലവിട്ടത്. പ്രാദേശിക കറൻസിയിൽ ഇടപാടുകൾ വ്യാപകമാവുന്നതോടെ ഡോളറുമായുള്ള മത്സരാധിഷ്ഠിതമായ സാഹചര്യം ഇല്ലാതാകുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.