ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി വ്യാപാരം മേയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) പ്രാബല്യത്തിൽവന്നശേഷം 30 ശതമാനം വർധിച്ചുവെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ദുബൈയിൽ ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് മാസത്തിനുള്ളിലാണ് വ്യാപാര മേഖലയിൽ വൻ കുതിപ്പുണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 88 ശതകോടി ഡോളറിന്റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരു രാജ്യങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തിൽ ഉഭയകക്ഷി സാമ്പത്തിക ഇടപെടലിന് ‘സെപ’ പുതിയ ഊർജം പകർന്നുവെന്നും കാർഷികമേഖലയിലെ വ്യാപാരത്തിനും ഉടമ്പടി പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
2022ൽ ഇന്ത്യയുമായാണ് യു.എ.ഇ അതിന്റെ ആദ്യ ‘സെപ’യിൽ ഒപ്പുവെച്ചത്. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6 ശതകോടി ഡോളറായിരുന്നു. 2020ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്. 2021ൽ 60 ശതകോടി ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം അഞ്ചുവർഷത്തിനുള്ളിൽ 100 ശതകോടി ഡോളറായി ഉയർത്താൻ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.