ദുബൈ: ചൈനയെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്തള്ളി ദുബൈയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ.
ഈ വർഷം ആദ്യ പകുതിയിൽ ഇന്ത്യക്കാർ ദുബൈയിൽ ആരംഭിച്ചത് 6717 സ്ഥാപനങ്ങൾ. ദുബൈ ചേംബർ ഓഫ് കോമേഴ്സാണ് പുതിയ സ്ഥാപനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടത്. 2022ലെ ആദ്യ പകുതിയിൽ ദുബൈയിൽ രജിസ്റ്റർ ചെയ്തത് 4845 കമ്പനികളായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം 39 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പുതുതായി 6717 കമ്പനികൾ കൂടി വന്നതോടെ ദുബൈ ചേംബറിൽ അംഗങ്ങളായ ഇന്ത്യൻ സ്ഥാപനങ്ങളുടെ മൊത്തം എണ്ണം 90,118 ആയി.
കമ്പനി തുടങ്ങുന്നതിൽ യു.എ.ഇ സ്വദേശികൾ ആണ് രണ്ടാം സ്ഥാനത്ത്.
4445 കമ്പനികളാണ് ഇമാറാത്തികൾ ഈ കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്തത്. മൂന്നാം സ്ഥാനത്ത് പാകിസ്താനി നിക്ഷേപകരാണ്.
3395 പാകിസ്താനി കമ്പനികൾ ദുബൈയിൽ ഈ വർഷമാദ്യം പ്രവർത്തനം തുടങ്ങി.
2154 കമ്പനികൾ തുടങ്ങിയ ഈജിപ്ത് നാലാം സ്ഥാനത്തും 963 സ്ഥാപനങ്ങൾ തുടങ്ങിയ യു.കെ അഞ്ചാം സ്ഥാനത്തുമുണ്ട്. ആറാം സ്ഥാനക്കാരായ ചൈനക്കാർ 664 സ്ഥാപനങ്ങളാണ് ഈ വർഷമാദ്യം ദുബൈയിൽ രജിസ്റ്റർ ചെയ്തത്.
വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള ദുബൈ ചേംബറിന്റെ സന്നദ്ധതയാണ് വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതെന്ന് സി.ഇ.ഒ മുഹമ്മദലി റാശിദ് ലൂത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.