അബൂദബി: ജനുവരി രണ്ടുമുതല്‍ അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബില്‍ നടന്നുവന്ന 12ാമത് ഫാത്തിമ ബിന്ത് മുബാറക്ക് ലേഡീസ് സ്പോര്‍ട്സ് അക്കാദമി (എഫ്.ബി.എം.എല്‍.എ) ഇന്റര്‍നാഷനല്‍ ഷോ ജംപിങ് കപ്പിന് സമാപനമായി. 42 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറിലേറെ കുതിരയോട്ടക്കാര്‍ മത്സരത്തില്‍ പങ്കെടുത്തു. നിരവധി പ്രാദേശിക താരങ്ങളും മത്സരത്തില്‍ മാറ്റുരച്ചു. ഇറ്റലിയുടെ ലൂക കോട്ട ലോങ്ങിനസ് ഗ്രാന്‍ഡ് പ്രീ വിഭാഗത്തില്‍ ചാമ്പ്യനായി. റംസി അല്‍ ദുഹൈമി, കോണ്‍സ്റ്റന്റ് റെനെ ജെ വാന്‍ പീസ്ചെന് യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങള്‍ നേടി.
മത്സരത്തിന്റെ സംഘാടനം മികച്ചതായിരുന്നുവെന്നും ഗ്രാന്‍ഡ് പ്രീ മനോഹരമായിരുന്നുവെന്നും പറഞ്ഞ ലൂക്ക കോട്ട യു.എ.ഇ ഇക്വേസ്ട്രിയന്‍ ആന്‍ഡ് റേസിങ് ഫെഡറേഷന് നന്ദി അറിയിച്ചു. സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് സമ്മാനദാനം നിര്‍വഹിച്ചു. വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ജേതാക്കളായവര്‍ക്ക് മൊത്തം എട്ടുലക്ഷം ദിര്‍ഹമിന്റെ സമ്മാനത്തുകയാണ് വിതരണം ചെയ്തത്. ഏഴ് വിഭാഗങ്ങളിലായി 29 റൗണ്ട് മത്സരങ്ങളാണ് അരങ്ങേറിയത്. യു.എ.ഇയുടെ ഉമര്‍ അബ്ദുല്‍ അസീസ് അല്‍മര്‍സൂഖി വണ്‍ റൗണ്ട് വിത് ജംപ് ഓഫ് വിഭാഗത്തില്‍ ചാമ്പ്യനായി.
വണ്‍ റൗണ്ട് വിത് ജംപ് ഓഫ് വിഭാഗത്തില്‍ യു.എ.ഇ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹുമൈദ് അബ്ദുല്ല ഖലീഫ അല്ഹമീരി, സലിം അല്‍ സുവൈദി, ഉമര്‍ അബ്ദുല്‍ അസീസ് അല്‍മര്‍സൂഖി എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയത്. ശൈഖ റൗദ ബിന്ത് നഹ്യാന് ബിന്‍ സായിദ് ആല് നഹ്യാന്, യു.എ.ഇ ഇക്വസ്ട്രിയന്‍ ആന്‍ഡ് റേസിങ് ഫെഡറേഷന് പ്രസിഡന്റ് മേജര്‍ ജനറല്‍ ഡോ. അഹമ്മദ് നാസര്‍ അല്‍ റൈസി, അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ അസി. ജനറല്‍ സെക്രട്ടറി ഡോ. അഹമ്മദ് അല്‍ ഖുബൈസി, എഫ്.ബി.എം.എല്‍.എ ബോര്‍ഡംഗം തലാല്‍ അല്‍ ഹാഷ്മി തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.