ദുബൈ: അന്താരാഷ്ട്ര വളന്റിയർ ദിനത്തിന്റെ ഭാഗമായി ദുബൈ താമസ-കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസിൽ നടന്ന പരിപാടിയിൽ ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഇസ്സ ബുഹുമെയ്ദ്, ദുബൈ താമസ-കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്മെന്റുകളുടെ അസി. ഡയറക്ടർമാർ, ജീവനക്കാർ, മലയാളികളടക്കമുള്ള സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളിൽ സേവനം ചെയ്ത മലയാളികൾ അടക്കമുള്ളവരെയും ആദരിച്ചു. രാജ്യത്തെ ആദ്യത്തെ വളന്റിയർ ലൈസൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും ചടങ്ങിൽ പ്രത്യേകം ആദരവുകൾ നൽകി. 2018ൽ തുടക്കംകുറിച്ച ജി.ഡി.ആർ.എഫ്.എയുടെ സന്നദ്ധ സേവന പ്രവർത്തന നേട്ടങ്ങളെ പരിപാടിയിൽ പ്രദർശിപ്പിച്ചു. താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്വയം സേവന പദ്ധതികൾ നടപ്പാക്കിയതായി മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി പറഞ്ഞു. ഇതിൽ 3073 ജീവനക്കാർ പങ്കെടുക്കുകയും അവർ 42,730 മണിക്കൂർ സേവനങ്ങൾ നടത്തുകയും ചെയ്തു.
സന്നദ്ധ സേവനം മനുഷ്യ നന്മയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്ലാന്റ് യു.എ.ഇ ദേശീയ പരിപാടിയുടെ ഭാഗമായി ഗാഫ് മരങ്ങൾ ഓഫിസ് പരിസരത്ത് അധികൃതർ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.