അബൂദബി: നാല് ശതകോടി ദിർഹം ചെലവിൽ പൂർത്തിയാക്കിയ ഖലീഫ പോർട്ട് വിപുലീകരണ പദ്ധതി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. തുറമുഖ വിപുലീകരണ പദ്ധതി രാജ്യത്തിന് ഗുണകരമായ പദ്ധതികളിലൊന്നാണെന്നും ആഗോള വ്യാപാരത്തിൽ യു.എ.ഇയുടെ സ്ഥാനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഉദ്ഘാടനം നിർവഹിച്ച ശേഷം ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.ഖലീഫ പോർട്ടും മറ്റ് തുറമുഖങ്ങളും ദേശീയ സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും വൈവിധ്യവത്കരണത്തിനുള്ള പ്രധാന ഉപാധികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമാണം പൂർത്തിയായതോടെ ഖലീഫ തുറമുഖം പ്രമുഖ ലോജിസ്റ്റിക്സ് ഹബ്ബും മേഖലയിലെ ഏറ്റവും വലിയ വിപണികളിലേക്കുള്ള പ്രധാന കവാടവുമായി മാറും. 5.6ശതകോടി ഡോളർ മൂല്യമുള്ള ലോകത്തിലെ മുൻനിര ആഴക്കടൽ തുറമുഖങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടും. ഖലീഫ തുറമുഖത്തിന്റെ തെക്കൻ ബർത്ത്, ലോജിസ്റ്റിക് സോൺ, അബൂദബി ടെർമിനലുകൾ എന്നിവ വികസിപ്പിച്ച് മൊത്തം വിസ്തീർണം 2.43 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 8.63 ചതുരശ്ര കിലോമീറ്ററായിട്ടുണ്ട്.
അബൂദബിക്കും ദുബൈക്കും ഇടയിൽ തന്ത്രപരമായ മേഖലയിൽ സ്ഥിതിചെയ്യുന്ന ആഴക്കടൽ തുറമുഖം 2012ൽ മുൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്.70 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന തുറമുഖം, 25ലധികം അന്താരാഷ്ട്ര ഷിപ്പിങ് ലൈനുകളുടെ പ്രധാന കേന്ദ്രവുമാണ്.ഈ വർഷം ലോകബാങ്കിന്റെ ആഗോള കണ്ടെയ്നർ പോർട്ട് പെർഫോമൻസ് ഇൻഡക്സിലെ ആദ്യ അഞ്ച് സ്ഥാനത്ത് തുറമുഖം സ്ഥാനം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.