ദുബൈ: വിവിധ പ്രവാസി സംഘടനകളുടെ യോഗത്തിന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെത്തിയ കെ.എം.സി.സി നേതാക്കൾ കോൺസുൽ ജനറൽ ഡോ. അമൻ പുരിയുമായി കൂടിക്കാഴ്ച നടത്തി.സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാർക്ക് യു.എ.ഇയിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിലും അവധിക്കു നാട്ടിൽ പോയവർക്ക് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കുന്നതിനും ഇടപെടണമെന്ന് നേതാക്കൾ കോൺസുൽ ജനറലിനോട് അഭ്യർഥിച്ചു.യു.എ.ഇയിൽ സന്ദർശകവിസയിലുള്ള കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും വാക്സിനേഷന് അവസരം ലഭിക്കാത്ത സാഹചര്യമുണ്ട്.
നാട്ടിൽനിന്നുള്ള വിമാനസർവിസുകൾ പുനരാരംഭിക്കുമ്പോൾ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സാധ്യതയുമുണ്ട്്. ഇന്ത്യയിലെ വാക്സിൻ ലഭ്യതയുടെ കുറവ് യു.എ.ഇ സർക്കാറിനെ ബോധ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നിർബന്ധമാക്കൽ തൽക്കാലം മാറ്റിവെക്കാൻ ശ്രമം നടത്തണം. പ്രാണവായുവിനായി പിടയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ കോൺസുലേറ്റ് കൂടുതൽ ഇടപെടലുകൾ നടത്തണം.
കോവിഡ് ബാധിച്ച് യു.എ.ഇയിൽ മരിച്ചവരിൽ അർഹരായ ഇന്ത്യക്കാർക്ക് സഹായപദ്ധതി രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ, ട്രഷറർ നിസാർ തളങ്കര,ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവരാണ് കോൺസുൽ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾ അയക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും സൗജന്യ ഷിപ്മെൻറ് സർവിസ് എയർ ഇന്ത്യ വഴി ഏർപ്പെടുത്തുമെന്നും അവധിക്കു നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്ത ഇന്ത്യക്കാരുടെ പ്രതിസന്ധി പരിഹരിക്കാൻ യു.എ.ഇ അധികൃതരുമായി സംസാരിക്കുമെന്നും കോൺസുൽ ജനറൽ പ്രതികരിച്ചു.
വിവിധ പ്രവാസി സംഘടന നേതാക്കൾ പങ്കെടുത്ത മീറ്റ് ദി അസോസിയേഷനിൽ ഒട്ടേറെ പ്രവാസി പ്രശ്നങ്ങളും ആശങ്കകളും സംഘടനകളുടെ പ്രതിനിധികൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.