കോട്ടയം തിരുവഞ്ചൂർ കട്ടപ്പുറത്ത് പരേതനായ ജോസഫ് കുര്യെൻറ മകളും അബൂദബി മോഡൽ സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയുമായ ജൂലിമോൾ ജോസഫിന് ഇത് ആറാം വർഷത്തെ റമദാൻ വ്രതാനുഷ്ഠാനമാണ്. 2016ൽ എറണാകുളം സെൻറ് തെരാസസ് കോളജിൽ എം.എ. സോഷ്യോളജിക്കു പഠിക്കുമ്പോഴാണ് ആദ്യമായി റമദാൻ വ്രതത്തിെൻറ രുചി അറിഞ്ഞത്. ക്ലാസിലെ സഹപാഠിയും ഉറ്റ സുഹൃത്തുമായിരുന്ന സമിത ഹുസൈൻ വ്രതമനുഷ്ഠിക്കുന്നതു കണ്ടാണ് ജൂലിമോളും നോമ്പ് പിടിച്ചു തുടങ്ങിയത്. സമിതയുമൊത്തായിരുന്നു കോളജിൽ പഠിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതും പഠനത്തിനു ശേഷമുള്ള സമയം ചെലവഴിച്ചിരുന്നതും.
അവൾ പട്ടിണിയിരിക്കുമ്പോൾ ഉറ്റ സുഹൃത്തായ എനിക്കു വയർ നിറച്ചു കഴിക്കാൻ തോന്നിയില്ല. അക്കാലത്ത് വ്രതത്തിെൻറ പവിത്രതകളൊന്നും മനസ്സിലാക്കിയായിരുന്നില്ല നോമ്പു നോറ്റതെങ്കിലും അതിെൻറ ശക്തി ജീവിതത്തെ വല്ലാതെ സ്വാധീനിക്കുകയായിരുന്നു. പഠനകാലത്ത് നാഷനൽ വനിതാ ക്രിക്കറ്റ് താരമായിരുന്ന ജൂലിമോൾ പൊരിവെയിലിൽ റമദാൻ വ്രതമനുഷ്ഠിച്ച് മണിക്കൂറുകളോളം കളിക്കുമ്പോഴും ശരീരത്തിനു തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടിരുന്നില്ല. ആ അനുഭവത്തിൽനിന്നാണ് എല്ലാ വർഷവും നോമ്പനുഷ്ഠാനം തെറ്റാതെ ഇപ്പോഴും തുടരുന്നത്. ഗൾഫിലെത്തിയപ്പോഴും നോമ്പനുഷ്ഠിക്കുന്ന ശീലം ഇവിടെയും തുടരുന്നു.
ഒരിക്കൽ റമദാനിൽ 'പ്രവാസി സ്ത്രീ' എന്ന സംഘടനയിലെ വനിതാ പ്രവർത്തകർ മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നവർക്ക് ഇഫ്ത്താർ കിറ്റ് വിതരണം ചെയ്യാൻ പോയപ്പോൾ അവരോടൊപ്പം പോയി. അബൂദബി പോലെ വികസിത നഗരങ്ങളുടെ ഉൾപ്രദേശങ്ങളിലെ മരുഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അന്നാണ് നേരിൽ കണ്ടത്. മരുഭൂമിയിൽ ഒട്ടകങ്ങളെ മേച്ചു ജീവിക്കുകയും അവരുടെ കൂടെ ഉറങ്ങുകയുമൊക്കെ ചെയ്യുന്ന നൂറുകണക്കിനാളുകളുടെ വേദനയേറിയ ജീവിതം നേരിൽ കണ്ടതുമുതലാണ് വിശപ്പും ദാഹവും സഹിക്കുന്ന ജനസമൂഹത്തിെൻറ ജീവിത കാഠിന്യം വ്രതാനുഷ്ഠാന വേളയിൽ നേരിട്ടുതിരിച്ചറിഞ്ഞത്. വിശപ്പും ദാഹവും അനുഭവിക്കുമ്പോഴാണ് ഇതൊക്കെ സഹിച്ചു കഴിയുന്നവരെ സഹായിക്കണമെന്ന ചിന്തയും മനസ്സിൽ ഉണർന്നത്. അന്നു മുതൽ എല്ലാ റമദാനിലും മരുഭൂമിയിൽ കഴിയുന്ന നിരാലംബരായവർക്ക് റമദാൻ ഇഫ്ത്താർ ഭക്ഷണവിതരണത്തിനുള്ള വിഹിതവും നൽകുന്നു.
ഇപ്പോൾ റമദാൻ വ്രതാനുഷ്ഠാനത്തിെൻറ ചൈതന്യം മനംകുളിർക്കെ ആസ്വദിക്കുമ്പോൾ പാവപ്പെട്ടവരോട് പുണ്യ മാസത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള അവസരവും പരമാവധി പ്രയോജനപ്പെടുത്തുകയാണ്. മരുഭൂമിയിൽ കഴിയുന്നവർ ഭക്ഷണവുമായി ചെല്ലുന്ന വാഹനത്തിനരികിൽ വന്നു അതു സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും അവരുടെ സാഹോദര്യ സ്നേഹവും കൂടെ ജോലിചെയ്യുന്നവരോടുള്ള ബഹുമാനവുമെല്ലാം എന്നും മനസിൽ ഓർമപ്പെടുത്തുന്നു. പ്രവാസി സ്ത്രീ സംഘടനക്കൊപ്പം അബൂദബി കേരള സോഷ്യൽ സെൻററിലെ വനിത വിഭാഗത്തിലും ജൂലിമോൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഇതര മതസ്ഥരായ മൂന്നു വനിത സഹ പ്രവർത്തകരും വ്രതമനുഷ്ഠിക്കുന്നുണ്ട്. നാട്ടിൽ തൃശൂർ ചേലക്കര മയന്നൂരിലാണിപ്പോൾ അമ്മ ലീലാമ്മ ജോസഫിനൊപ്പം ജൂലിമോൾ സ്ഥിരതാമസം.
(തയാറാക്കിയത്: ടി.എ. അബ്ദുൽ സമദ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.