ഫുജൈറ/ഷാർജ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നേരിട്ട നഷ്ടം വിലയിരുത്താൻ ഫുജൈറയിലും റാസൽഖൈമയിലും നടപടികൾ ആരംഭിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാവുകയും അപകടകരമായ സാഹചര്യം ഒഴിയുകയും ചെയ്ത സാഹചര്യത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും നേരിട്ട നഷ്ടം പൂർണമായും രേഖപ്പെടുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഫുജൈറ അടിയന്തര കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആദ്യ യോഗം ചേർന്നു.
ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ അഫ്ഖാമിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. പ്രളയം ബാധിച്ചവർക്ക് നാശനഷ്ടങ്ങളെക്കുറിച്ച വിശദാംശങ്ങൾ അറിയിക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫുജൈറയിൽ രണ്ടു ദിവസമായി ഗതാഗതം തടസ്സപ്പെട്ട ഫുജൈറ-ഖിദ്ഫ റിങ് റോഡിൽ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, അൽ ഖുറൈയ്യ മേഖലയിലേക്കുള്ള പ്രധാന റോഡ് ഇരുവശത്തേക്കും അടച്ചിട്ടിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റാസൽഖൈമയിൽ നഷ്ടം വിലയിരുത്തുന്നതിന് പ്രത്യേകസംഘം ശനിയാഴ്ച ദുരന്തബാധിത മേഖലയിൽ സന്ദർശനം നടത്തി. എമിറേറ്റിലെ അസാൻ, ദഫ്ത-മസാഫി റോഡ്, അൽ ഗെയ്ൽ റോഡ്, വാദി അൽ ഐം, വാദി അൽ ഐസ്, വാദി ഷൗക്ക തുടങ്ങി നിരവധി റോഡുകളിലും പ്രദേശങ്ങളിലുമുണ്ടായ നഷ്ടം സംഘം വിലയിരുത്തി. വാദികളിലെ സഞ്ചാരം ഒഴിവാക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും സംഘം പർവതപ്രദേശങ്ങളിലുള്ളവരോട് അഭ്യർഥിച്ചു. എന്തെങ്കിലും നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ പൊലീസ് ഓപറേഷൻ റൂമിൽ റിപ്പോർട്ട് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
അതിനിടെ ശക്തമായ മഴയിൽ ഗതാഗത തടസ്സം നേരിട്ട ഷാർജയിലെ വിവിധ മേഖലകളിലെ റോഡുകൾ സാധാരണ നിലയിലെത്തി. ഷാർജയെ കിഴക്കൻ മേഖല നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഷാർജ-കൽബ റോഡിൽ പൂർണമായും തടസ്സം നീക്കിയെന്ന് കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ. അലി അൽ ഹമൂദി വിശദീകരിച്ചു. ഖോർഫുക്കാനിലെ വിവിധ റോഡുകളും ഷിസ്, നഹ്വ മേഖലകളിലെ റോഡുകളും സാധാരണ നിലയിലായി. കൽബ നഗരത്തിലെ ഉൾറോഡുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.
കൽബ: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ചത്തുപൊന്തിയത് നിരവധി വളർത്തുമൃഗങ്ങൾ. മലഞ്ചരിവുകളിലെ ഫാമുകളിലും മറ്റും വളർത്തുന്ന ആടുകളാണ് പലയിടത്തും ചത്തത്. അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടുപോയതാവാം ഇവയെന്നാണ് കരുതുന്നത്. കൽബയിലെ മുഗൈദറിലാണ് നിരവധി ആടുകളുടെ ശവശരീരം കണ്ടെത്തിയത്. ദുരെനിന്ന് ഒഴുകിയെത്തിയതാണ് ഇവയെന്നാണ് കരുതുന്നത്. മറ്റു പലയിടങ്ങളിലും സമാനമായി ചത്തുപൊങ്ങിയിട്ടുണ്ട്.
റാസല്‍ഖൈമയില്‍ മഴക്കെടുതി നേരിട്ട പ്രദേശം സന്ദര്‍ശിക്കുന്ന സെന്‍ട്രല്‍ ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ ഹമീദി
കൽബയിൽ റോഡ് ഗതാഗതയോഗ്യമാക്കുന്ന അവസാന പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.