ഷാർജ: അന്നം തേടിയെത്തിയവർക്ക് അഭയം നൽകിയ യു.എ.ഇ പൗരന്മാർക്ക് ഇന്ത്യൻ ജനതയുടെ സ്നേഹാദരം അർപ്പിക്കുന്ന 'ഗൾഫ് മാധ്യമം ശുക്റൻ ഇമാറാത്ത്' വ്യാഴാഴ്ച വൈകീട്ട് 3.30ന് ഷാർജ എക്സ്പോ സെന്‍ററിൽ നടക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഈ മാസം 24, 25, 26 തീയതികളിൽ നടക്കുന്ന മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ 'കമോൺ കേരള'ക്ക് മുന്നോടിയായാണ് 'ശുക്റൻ ഇമാറാത്ത്' നടക്കുക. പ്രവാസികളെ ചേർത്തുപിടിച്ച ഇമാറാത്തി പൗരന്മാർക്ക് പുറമെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ആദരം അർപ്പിക്കും. യു.എ.ഇ പൗരന്മാർക്ക് ഇന്ത്യൻ സമൂഹം നൽകുന്ന ഏറ്റവും വലിയ സ്നേഹാഭിവാദ്യമായിരിക്കും ഇത്. ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖർ വേദിയിൽ അണിനിരക്കും.
വ്യവസായ സൗഹാർദത്തിന്‍റെ പുതുവാതിലുകൾ പ്രവാസികൾക്ക് മുന്നിൽ തുറന്നിടുകയും ലാഭനഷ്ടം നോക്കാതെ സഹായമൊഴുക്കുകയും ചെയ്ത യു.എ.ഇ പൗരന്മാർ ആദരിക്കപ്പെടും. യു.എ.ഇയുടെ വികസനവഴിയിലും കലാ, കായിക, സാംസ്കാരിക, വാണിജ്യ, നയതന്ത്ര, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലും സംഭാവന നൽകിയ പൗരന്മാരും ആദരിക്കപ്പെടും. പിറവിയുടെ 50ാം വാർഷികം ആഘോഷിക്കുന്ന യു.എ.ഇക്ക് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സമൂഹം നൽകുന്ന സ്നേഹാലിംഗനമായിരിക്കും 'ശുക്റൻ ഇമാറാത്ത്'.
പ്രൗഢമായ സദസ്സിന് മുന്നിൽ ഇന്ത്യൻ ജനതയുടെ സ്നേഹസമ്മാനം ഇമാറാത്തിന്‍റെ പ്രതിനിധികൾക്ക് കൈമാറും.
ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍റർ സി.ഇ.ഒ അബ്ദുല്ല ഹംദാൻ ദൽമുഖ്, ദുബൈ ഇൻവെസ്റ്റ്മെന്റ്സ് റിയൽ എസ്റ്റേറ്റ് ജനറൽ മാനേജർ ഉബൈദ് മുഹമ്മദ് അൽ സലാമി, ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ (പ്രസ്, ഇൻഫർമേഷൻ ആൻഡ് കൾചർ) താഡു മാമു, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസ്സലാം ഒലയാട്ടിൽ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.