ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച രണ്ടാമത് യുവജനോത്സവം ‘സർഗോത്സവം 2024’ന് വർണാഭമായ സമാപനം. ഭാഷയോടും സാംസ്കാരിക ഇടപെടലുകളോടും പ്രവാസത്തെ കുട്ടികളെക്കൂടി ചേർത്തുനിർത്താനുള്ള മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് സർഗോത്സവം പുതിയ ഊർജം പകരുന്നതായി സാഹിത്യകാരൻ ഡോ. പി.കെ. പോക്കർ പറഞ്ഞു.
സർഗോത്സവത്തോടനുബന്ധിച്ച് നവംബർ മൂന്നിന് വൈകീട്ട് ഏഴു മണിക്ക് കരാമ ആപ്പിൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനോത്സവ മാതൃകയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച രണ്ടാമത് സർഗോത്സവത്തിൽ ദുബൈ ചാപ്റ്ററിന്റെ ആറു മേഖലകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ മാറ്റുരച്ചു. ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി.
ലോകകേരള സഭാംഗവും കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ്, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, എഴുത്തുകാരൻ ഷാബു കിളിത്തട്ടിൽ എന്നിവർ മുഖ്യാതിഥികളായി. കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു.
ചടങ്ങിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ചെയർമാൻ വിനോദ് നമ്പ്യാർ, കൺവീനർ ഫിറോസിയ ദിലിഫ് റഹ്മാൻ, ഫിനാൻസ് കോഓഡിനേറ്റർ മുരളി, വിദഗ്ധ സമിതി ചെയർപേഴ്സൻ സോണിയ, ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു.
നജീബ്, ഷംസി, റിംന, സുനീഷ്, സ്മിത, രാജേഷ്, സജി, അനസ്, ബിജുനാഥ്, ഡൊമിനിക്, പ്രിയ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. സർഗോത്സവം പ്രോഗ്രാം കൺവീനർ അൻവർ ഷാഹി സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടിയിൽ ദുബൈ ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.