എക്​സ്​പോ യു.എ.ഇ പവലിയനിൽ പ്രദർശിപ്പിക്കപ്പെട്ട പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും അടുക്കളത്തോട്ടത്തിലെ ചിത്രം

എക്​സ്​പോയിൽ യു.എ.ഇയുടെ സുന്ദരമുഖമായി മലയാളി കുടുംബം

ദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്​സ്​പോ 2020ന് ദുബൈയിലെത്തുന്ന സന്ദർശകരെ അമ്പരപ്പിക്കുന്ന പവലിയനാണ്​ യു.എ.ഇ ഒരുക്കിയിട്ടുള്ളത്​. പവലിയനിലെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്​ രാജ്യത്തിന്‍റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രപ്രദർശനം. വ്യത്യസ്​ത മേഖലകളിലുള്ളവരുടെ വിവിധ ചിത്രങ്ങൾ സന്ദർശകർക്ക്​ ഇവിടെ കാണാനാവും. ഇമാറാത്തിന്‍റെ സൗന്ദര്യങ്ങളാണ്​ വിരലിലെണ്ണാവുന്ന ഈ ചിത്രങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്​. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രം ഒരു മലയാളി കുടുംബത്തിന്‍റേതാണ്​. തൃശൂർ മാള സ്വദേശിയായ പ്രവീണിന്‍റെയും കുടുബത്തിന്‍റേതും.

ദുബൈയിൽ അൽ ഖൂസിലെ താമസക്കാലത്ത്​ ഉണ്ടാക്കിയ അടുക്കളത്തോട്ടമാണ്​ പ്രവീണിനെയും കുടുംബത്തെയും അംഗീകാരത്തിലെത്തിച്ചത്​. കർഷകനായ പിതാവ്​ പ്രഭാകരനിൽ നിന്ന്​ പഠിച്ചെടുത്ത പാഠങ്ങൾ പ്രവാസ കാലത്ത്​ ചെറിയ രീതിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ്​ പ്രവീൺ. പിന്നീട്​ ഇത്​ വികസിച്ച്​ നൂറിലേറെ കറിവേപ്പിലയും 12 തരം ചീരയും, തുളസി, മല്ലിയില, കാബേജ്​, കോളിഫ്ലവർ, വഴുതന, തക്കാളി, ചെറുനാരങ്ങ, മുരിങ്ങക്ക, കുമ്പളം, ബീൻസ്​, പയർ തുടങ്ങി കരിമ്പുവരെയുള്ള വിഭവങ്ങളായി. ഇതിനായി മൂന്ന്​ ലോഡ്​ മണ്ണിറക്കി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പച്ചക്കറിക്കൊപ്പം കോഴി, മൽസ്യം, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയും കൃഷിയിൽ ഉൾപെട്ടു. മരുഭൂമിയിൽ അൽഭുതപ്പെടുത്തുന്ന രീതിയിൽ പച്ചക്കറി വിളയിച്ചയാളെന്ന നിലയിൽ കുടുംബം മാധ്യമങ്ങളിൽ നിറഞ്ഞു. യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ്​ പത്രങ്ങളെല്ലാം പ്രവീണിനെ കുറിച്ച് സ്​റ്റോറികൾ പ്രസിദ്ധീകരിച്ചു.

യു.എ.ഇ സർക്കാർ വൃത്തങ്ങൾ മാധ്യമ വാർത്തകളിലൂടെ അറിഞ്ഞാണ്​ പ്രവീണിനെയും കുടുംബത്തെയും ബന്ധപ്പെടുന്നത്​. കഴിഞ്ഞ വർഷമാണ്​ എക്​സ്​പോയിൽ പ്രദർശിപ്പിക്കുന്നതിന്​ അധികൃതർ ചിത്രം പകർത്തിയത്​. എന്നാൽ ഇത്രയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതായിരിക്കും ചിത്രമെന്ന്​ കരുതിയിരുന്നില്ലെന്ന്​ ഇവർ പറയുന്നു. ഏറെ സന്തോഷത്തോടെയാണ്​ എക്​സ്​പോ പവലിയനിലെ സ്വന്തം ചിത്രം കണ്ടതെന്നും വലിയ അംഗീകാരമാണ്​ ഇതെന്നും പ്രവീൺ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

കോവിഡ്​ കാലത്ത്​ വാടക നൽകുന്നത്​ പ്രയാസത്തിലായതോടെ അൽ ഖൂസിലെ താമസ സ്​ഥലവും തോട്ടവും എല്ലാം ഉപേക്ഷിക്കേണ്ടി വന്നതിന്‍റെ ദുഃഖത്തിൽ കൂടിയാണ്​ പ്രവീൺ. ഇപ്പോൾ ദുബൈ അൽ വർഖയിലാണ്​ മൂന്നു മാസമായി താമസം. ഇവിടെയും കൃഷിത്തോട്ടവും കോഴിവളർത്തലും അടക്കമുള്ള 'ഹോബി'കൾ തുടരാനുള്ള പരിശ്രമത്തിലാണിപ്പോൾ. മറ്റൊരിടത്തേക്ക്​ ഭാവിയിൽ മാറേണ്ടി വന്നാൽ കൃഷിയും ഷിഫ്​റ്റ്​ ചെയ്യാൻ കഴിയുന്ന രീതിയിലാണ്​ പുതിയ സ്​ഥലത്ത്​ സൗകര്യങ്ങൾ ഒരുക്കുന്നത്​. 11വർഷമായി കോളജിൽ അഡ്​മിനിസ്​ട്രേറ്ററായി ജോലി ചെയ്​ത്​ ദുബൈയിൽ ജീവിക്കുന്ന പ്രവീണിന്​ എല്ലാ പിന്തുണയുമായി ഭാര്യ പ്രീനിയും മക്കളായ അയൻ വിരാജും മിഥുനയും കൂടെയുണ്ട്​.

Tags:    
News Summary - Malayalee family as the beautiful face of Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.