എക്സ്പോയിൽ യു.എ.ഇയുടെ സുന്ദരമുഖമായി മലയാളി കുടുംബം
text_fieldsദുബൈ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സ്പോ 2020ന് ദുബൈയിലെത്തുന്ന സന്ദർശകരെ അമ്പരപ്പിക്കുന്ന പവലിയനാണ് യു.എ.ഇ ഒരുക്കിയിട്ടുള്ളത്. പവലിയനിലെ പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് രാജ്യത്തിന്‍റെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ചിത്രപ്രദർശനം. വ്യത്യസ്ത മേഖലകളിലുള്ളവരുടെ വിവിധ ചിത്രങ്ങൾ സന്ദർശകർക്ക് ഇവിടെ കാണാനാവും. ഇമാറാത്തിന്‍റെ സൗന്ദര്യങ്ങളാണ് വിരലിലെണ്ണാവുന്ന ഈ ചിത്രങ്ങളിലൂടെ പങ്കുവെക്കപ്പെടുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ചിത്രം ഒരു മലയാളി കുടുംബത്തിന്‍റേതാണ്. തൃശൂർ മാള സ്വദേശിയായ പ്രവീണിന്‍റെയും കുടുബത്തിന്‍റേതും.
ദുബൈയിൽ അൽ ഖൂസിലെ താമസക്കാലത്ത് ഉണ്ടാക്കിയ അടുക്കളത്തോട്ടമാണ് പ്രവീണിനെയും കുടുംബത്തെയും അംഗീകാരത്തിലെത്തിച്ചത്. കർഷകനായ പിതാവ് പ്രഭാകരനിൽ നിന്ന് പഠിച്ചെടുത്ത പാഠങ്ങൾ പ്രവാസ കാലത്ത് ചെറിയ രീതിയിൽ പ്രയോഗിച്ചു തുടങ്ങിയതാണ് പ്രവീൺ. പിന്നീട് ഇത് വികസിച്ച് നൂറിലേറെ കറിവേപ്പിലയും 12 തരം ചീരയും, തുളസി, മല്ലിയില, കാബേജ്, കോളിഫ്ലവർ, വഴുതന, തക്കാളി, ചെറുനാരങ്ങ, മുരിങ്ങക്ക, കുമ്പളം, ബീൻസ്, പയർ തുടങ്ങി കരിമ്പുവരെയുള്ള വിഭവങ്ങളായി. ഇതിനായി മൂന്ന് ലോഡ് മണ്ണിറക്കി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പച്ചക്കറിക്കൊപ്പം കോഴി, മൽസ്യം, മറ്റു വളർത്തു മൃഗങ്ങൾ എന്നിവയും കൃഷിയിൽ ഉൾപെട്ടു. മരുഭൂമിയിൽ അൽഭുതപ്പെടുത്തുന്ന രീതിയിൽ പച്ചക്കറി വിളയിച്ചയാളെന്ന നിലയിൽ കുടുംബം മാധ്യമങ്ങളിൽ നിറഞ്ഞു. യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളെല്ലാം പ്രവീണിനെ കുറിച്ച് സ്റ്റോറികൾ പ്രസിദ്ധീകരിച്ചു.
യു.എ.ഇ സർക്കാർ വൃത്തങ്ങൾ മാധ്യമ വാർത്തകളിലൂടെ അറിഞ്ഞാണ് പ്രവീണിനെയും കുടുംബത്തെയും ബന്ധപ്പെടുന്നത്. കഴിഞ്ഞ വർഷമാണ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്നതിന് അധികൃതർ ചിത്രം പകർത്തിയത്. എന്നാൽ ഇത്രയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നതായിരിക്കും ചിത്രമെന്ന് കരുതിയിരുന്നില്ലെന്ന് ഇവർ പറയുന്നു. ഏറെ സന്തോഷത്തോടെയാണ് എക്സ്പോ പവലിയനിലെ സ്വന്തം ചിത്രം കണ്ടതെന്നും വലിയ അംഗീകാരമാണ് ഇതെന്നും പ്രവീൺ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് കാലത്ത് വാടക നൽകുന്നത് പ്രയാസത്തിലായതോടെ അൽ ഖൂസിലെ താമസ സ്ഥലവും തോട്ടവും എല്ലാം ഉപേക്ഷിക്കേണ്ടി വന്നതിന്‍റെ ദുഃഖത്തിൽ കൂടിയാണ് പ്രവീൺ. ഇപ്പോൾ ദുബൈ അൽ വർഖയിലാണ് മൂന്നു മാസമായി താമസം. ഇവിടെയും കൃഷിത്തോട്ടവും കോഴിവളർത്തലും അടക്കമുള്ള 'ഹോബി'കൾ തുടരാനുള്ള പരിശ്രമത്തിലാണിപ്പോൾ. മറ്റൊരിടത്തേക്ക് ഭാവിയിൽ മാറേണ്ടി വന്നാൽ കൃഷിയും ഷിഫ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് പുതിയ സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കുന്നത്. 11വർഷമായി കോളജിൽ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്ത് ദുബൈയിൽ ജീവിക്കുന്ന പ്രവീണിന് എല്ലാ പിന്തുണയുമായി ഭാര്യ പ്രീനിയും മക്കളായ അയൻ വിരാജും മിഥുനയും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.