ദുബൈ: കായിക മേഖലയിലെ സംഭാവനക്ക് ദുബൈ നൽകുന്ന മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് വിതരണം ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരങ്ങൾ വിതരണം ചെയ്തു. ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും പങ്കെടുത്തു. എക്സ്പോയിലെ പ്രൗഢഗംഭീരമായ വേദിയിലായിരുന്നു ചടങ്ങ്.
കായിക മേഖലയിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന അവാർഡാണ് എം.ബി.ആർ സ്പോർട്സ് അവാർഡ്. പാകിസ്താൻ പ്രസിഡന്റ് ഇംറാൻ ഖാനെയായിരുന്നു ഇത്തവണത്തെ സ്പോർട്സ് പേഴ്സനാലിറ്റിയായി തെരഞ്ഞെടുത്തത്. ടോക്യോ ഒളിമ്പിക്സിലും പാരാലിമ്പിക്സിലും മികച്ച പ്രകടനം നടത്തിയവരെയും ആദരിച്ചു. അറബ് നാടുകളിലെ കായിക മേഖലയിൽ മികച്ച പ്രകടനം നടത്തിയവരും ആദരമേറ്റുവാങ്ങി.
യു.എ.ഇയിലും ലോകമെമ്പാടുമുള്ള കായിക വികസനത്തിനും സംഭാവന നൽകിയ എല്ലാവരുടെയും പ്രയത്നങ്ങളെ അഭിനന്ദിക്കുന്നുവെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
കായികരംഗത്ത് അതീവ ശ്രദ്ധ നൽകുന്ന നാടാണ് ദുബൈ. ഓരോരുത്തരുടെയും സർഗാത്മക വികസനത്തിന് എല്ലാവിധ പിന്തുണകളും നൽകുന്നതായും ഹംദാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.