ദുബൈ: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ‘മീഡിയവൺ’ സംഘടിപ്പിക്കുന്ന ഈശി ബിലാദി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച ഷാർജ സഫാരി മാളിൽ വൈകീട്ട് അഞ്ചിന് കൊടിയേറും. വിവിധ മത്സരങ്ങൾക്ക് പുറമേ, കലാ സാസ്കാരിക പരിപാടികളും ഈശി ബിലാദിക്ക് പൊലിമയേകും. ഈശി ബിലാദിയിലെ മത്സരപരിപാടികളിൽ പങ്കെടുക്കാനായി നൂറുകണക്കിന് പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്.
കുട്ടികൾക്കായി കളറിങ്-ചിത്രരചന മത്സരം, ഇമാറാത്തി പരമ്പരാഗത വേഷങ്ങളിൽ കുട്ടികളുടെ ഫാഷൻ ഷോ, ഫേസ് പെയിന്റിങ് ഒപ്പം ദേശീയഗാന മത്സരം, ഹെന്ന ഡിസൈനിങ് എന്നിവയും വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. അബൂദബി മെഹ്ഫിൽ സംഘം മുട്ടിപ്പാട്ടിൽ മാന്ത്രികത തീർക്കാനെത്തും.
കൂടാതെ, കാലിഗ്രഫി ആർട്ട് ഷോ, ചെണ്ടമേളം, പരേഡ് എന്നിങ്ങനെ വിവിധ പരിപാടികൾ വേറെയും. ഈദുൽ ഇത്തിഹാദ് അഥവാ ഐക്യത്തിന്റെ ആഘോഷം എന്ന പേരിലാണ് ഈ വർഷം മുതൽ യു.എ.ഇ ദേശീയദിനം ആഘോഷിക്കുന്നത്.
ഈശി ബിലാദി ആഘോഷങ്ങളിൽ റാക് ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് ചെയർമാൻ അറഫ് ഇബ്രാഹിം അൽ ഹറൻകി, എസ്.ഐ.ബി.എഫ് എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹൻ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര തുടങ്ങിയവർ അതിഥികളായെത്തും.
‘സിങ് വിത് പ്രൈഡ്’ എന്ന പേരിലാണ് യു.എ.ഇ ദേശീയഗാന ആലാപന മത്സരം നടക്കുന്നത്. നാലു മുതൽ ഏഴു വരെയും എട്ടു മുതൽ 14 വരെയും പ്രായമുള്ള കുട്ടികൾക്ക് രണ്ടു വിഭാഗങ്ങളിലായാണ് കളറിങ് ചിത്രരചന മത്സരങ്ങൾ ഒരുക്കുന്നത്.
‘പേൾസ് ഓഫ് എമിറേറ്റ്സ്’ എന്ന പേരിൽ ഇമാറാത്തി പരമ്പരാഗത വേഷങ്ങളിൽ നടക്കുന്ന കുട്ടികളുടെ ഫാഷൻ ഷോയിൽ മൂന്നു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികളാണ് മാറ്റുരക്കുന്നത്. മെഹന്തി മാജിക് എന്ന പേരിൽ ഹെന്ന ഡിസൈനിങ് മത്സരവും ഈശി ബിലാദിയുടെ ഭാഗമായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.