ദുബൈ: സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും വൈവിധ്യമായ ആഘോഷവുമായി ‘മീം 2024’ ഇന്ന് രാവിലെ ദുബൈ ഇന്ത്യൻ അക്കാദമിയിൽ അരങ്ങേറും. വിജ്ഞാനത്തിന്റെയും കലയുടെയും തനത് ആവിഷ്കാരങ്ങളും കച്ചവട, ഭക്ഷണ, ഫാഷൻ മേഖലകളിലെ മാതൃകകളും അവതരിപ്പിക്കുന്ന മേള സന്ദർശകർക്ക് പുതിയ അനുഭവം സമ്മാനിക്കും.
മോഡസ്റ്റ് ഫാഷൻ രംഗത്തെ പുതിയ പ്രവണതകളും മാതൃകകളും പരിചയപ്പെടുത്തുന്ന ഫാഷനിസ്റ്റ, യു.എ.ഇയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന കോൽക്കളി, മുട്ടിപ്പാട്ട് മത്സരങ്ങൾ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളാണ്.
കൂടാതെ പാട്ടുകളും അതിനു പിന്നിലെ ചരിത്രങ്ങളും പറയുന്ന ‘സോങ്ങിസ്റ്ററി’ സദസ്സിനെ കൂടുതൽ സംഗീത സാന്ദ്രമാക്കും. സമീർ ബിൻസി, ഡോ. ജമീൽ അഹ്മദ്, ഡോ. ഹിക്മത്തുള്ള എന്നിവർ സംബന്ധിക്കും. പ്രശസ്ത കാലിഗ്രാഫിസ്റ്റ് കരീംഗ്രഫി ലൈവ് ഷോ അവതരിപ്പിക്കും.
അതേസമയം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരന്മാരുടെ പ്രകടനങ്ങൾ സമാന്തരമായി തന്നെ മീം ഓപൺ മൈക്ക് വേദിയിൽ വെച്ചുനടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന പരിപാടിയിൽ ഫുഡ് കോർട്ട്, മീം സൂഖ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. വിനോദത്തോടൊപ്പം അറിവ് കൂടി പകർന്നു നൽകുന്ന മേളയിൽ മീം സിഗ്നേച്ചർ അവാർഡ് വിതരണവും നടക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.