ദുബൈ: പുതുതായി നിയമിതരായ യു.എ.ഇ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി അടക്കമുള്ളവരാണ് അബൂദബി അൽ ബഹ്ർ പാലസിൽ നടന്ന ചടങ്ങിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്നു. സുൽത്താൻ അൽ നിയാദി യുവജനകാര്യ സഹ മന്ത്രിയായാണ് നിയമിതനായത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയായി ഡോ. അംന അൽ ശംസി, പ്രതിരോധ കാര്യ സഹമന്ത്രിയായി മുഹമ്മദ് ഫസൽ അൽ മസ്റൂയി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്ര വികസനനേട്ടങ്ങളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങൾക്കൊത്ത് മുന്നേറുന്നതിനും പുതിയ മന്ത്രിമാർ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആശംസിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ആത്മാർഥതയോടും അർപ്പണബോധത്തോടും കൂടി ചുമതലകൾ നിർവഹിച്ച മുൻ മന്ത്രിമാരുടെ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.