അബൂദബി: പള്ളികളില്‍ കരോള്‍ ആലപിച്ചും കുര്‍ബാന കൂടിയും വീടുകളില്‍ ക്രിസ്മസ് ട്രീയൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്മസിനെ വരവേറ്റ് യു.എ.ഇ പ്രവാസികള്‍. ആഘോഷങ്ങളുടെ മാറ്റുകൂട്ടാന്‍ പ്രവാസി കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ഒത്തുചേരുകയും ചെയ്തു.
ദുബൈയിലെ സെന്റ് മേരീസ് കത്തോലിക് ചര്‍ച്ചില്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ കുര്‍ബാനയും കരോള്‍ ഗാനവും സംഘടിപ്പിച്ചു. അബൂദബിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ചര്‍ച്ചില്‍ അറബിക്, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു, സിംഹള, ഫ്രഞ്ച്, ഇറ്റാലിയന്‍, കൊറിയര്‍, സ്പാനിഷ്, യുക്രേനിയന്‍, പോളിഷ്, തഗലോഗ് ഭാഷകളിലായി ഇരുപതിലേറെ കുര്‍ബാനകളാണ് ക്രിസ്മസ് തലേന്ന് നടത്തിയത്.
മുസഫയിലെ സെന്റ് പോൾസ് ദേവാലയത്തിലും മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് ആരാധനകൾ നടത്തിയത്. പ്രവാസികള്‍ക്ക് ആഘോഷരാവൊരുക്കി ദുബൈയില്‍ ക്രിസ്മസ് മാര്‍ക്കറ്റും സജീവമായിരുന്നു. വാഫി സിറ്റിയില്‍ 52 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ആയിരുന്നു ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നത്.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ നിരവധി ഹോട്ടലുകളില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഡിജെ, ലൈവ് ബാന്‍ഡുകള്‍, സീസണല്‍ വിരുന്ന് തുടങ്ങി ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
സ്കൂളുകൾ അവധി പ്രഖ്യാപിച്ചതിനാൽ മലയാളികൾ ഉൾപ്പെടെയുള്ളവർ നേരത്തേതന്നെ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. എന്നാൽ, പൊതു അവധി അല്ലാത്തതിനാൽ പലരും യു.എ.ഇയിൽതന്നെ ആഘോഷം ഒതുക്കിയിരിക്കുകയാണ്.
മധുരം വിതരണം ചെയ്തും കേക്കുകൾ മുറിച്ചും ക്രിസ്മസ് കരോൾ സംഘടിപ്പിച്ചുമൊക്കെ ക്രിസ്തീയ വിശ്വാസികൾക്കൊപ്പം എല്ലാ പ്രവാസികളും ആഘോഷങ്ങളിൽ പങ്കാളികളായി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഹൈപ്പർ മാർക്കറ്റുകളും മറ്റും വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശൈത്യകാലം ആയതിനാൽ ഔട്ട്ഡോർ ആഘോഷങ്ങളും ഏറെയാണ്.
ദുബൈ: പുതുവത്സരാഘോഷത്തിൽ സുരക്ഷ ഒരുക്കാൻ 10,000 സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ഇതിൽ 8,000 പൊലീസ് ഉദ്യോഗസ്ഥർ, 2000 സുരക്ഷ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ചേർന്നാണ് പ്രവർത്തിക്കുകയെന്ന് ദുബൈ പൊലീസ് ചൊവ്വാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ പ്രതികരിക്കാൻ 200ലധികം ആംബുലൻസുകൾ നഗരത്തിലുടനീളം നിലയുറപ്പിക്കും. കൂടാതെ, ആവശ്യമെങ്കിൽ അടിയന്തര പരിചരണം നൽകുന്നതിന് 1,800 മെഡിക്കൽ സ്റ്റാഫുകളും 10 ആശുപത്രികളും സജ്ജരായിരിക്കും.
ജനങ്ങൾക്ക് മാർഗനിർദേശവും സഹായവും നൽകുന്നതിന് ഓഫിസർമാരും ടീമുകളും ആഘോഷ സ്ഥലങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഉണ്ടാകും.
പുതുവർഷത്തെ വരവേൽക്കുമ്പോൾ എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖലീൽ അൽ മൻസൂരി പറഞ്ഞു.
സുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ 33 സപ്പോർട്ട് ടെന്റുകൾ സ്ഥാപിക്കും. ഇതിൽ 19 എണ്ണം ദുബൈ ഡൗൺടൗണിലും 14 എണ്ണം മറ്റ് കരിമരുന്ന് പ്രകടനം നടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടും.
ആഘോഷ സ്ഥലങ്ങളിൽ നിന്ന് നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി സൂക്ഷിക്കുന്ന സ്ഥലങ്ങൾ, പ്രഥമശുശ്രൂഷ, ലോജിസ്റ്റിക്കൽ സപ്പോർട്ട്, നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സഹായം, സന്ദർശകർക്ക് മാർഗനിർദേശം എന്നിവ നൽകുന്നതിന് ഈ ടെന്റുകൾ ഉപയോഗിക്കാം. ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന 36 സ്ഥലങ്ങളിൽ നേരിട്ടുള്ള പരിശോധന ഉൾപ്പെടെ മുന്നൊരുക്ക നടപടികളും യോഗങ്ങളും ഇതിനകം പൊലീസ് പൂർത്തീകരിച്ചിട്ടുണ്ട്.
ആറ് മൊബൈൽ ഓപറേഷൻ റൂമുകളും വിവിധ മേഖലകളിലായി തിരിച്ചുള്ള പരിശോധനകളും പൊലീസ് നടത്തും. കൂടാതെ 1777 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ 36 ആഘോഷ സ്ഥലങ്ങളിലായി നിയോഗിക്കും. ദുബൈയിലുടനീളം 224 ആംബുലൻസ് പോയന്റുകളിലായി 539 ജീവനക്കാരും സജ്ജമാണ്. അതോടൊപ്പം അഞ്ച് മറൈൻ റസ്ക്യൂ ബോട്ടുകൾ, ദുബൈ മാളിൽ ഏഴ് ആംബുലൻസുകൾ, ബുർജ് ഖലീഫക്ക് അടുത്തായി 19 ആംബുലൻസുകളും വിന്യസിക്കും.
ദുബൈ: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 31ന് ദുബൈ മെട്രോയും ട്രാമും തുടർച്ചയായ 43 മണിക്കൂർ സർവിസ് നടത്തുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉദ്യോഗസ്ഥർ അറിയിച്ചു. പുതുവത്സര രാവിൽ യാത്രക്കാർക്ക് ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായകമാവും.
പുതുവത്സരം ആഘോഷിക്കാൻ പോകുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ആർ.ടി.എ അഭ്യർഥിച്ചു. ഡിസംബർ 31ന് പുലർച്ച അഞ്ചു മുതൽ ജനുവരി ഒന്നിന് രാത്രി 12 വരെയാണ് ദുബൈ മെട്രോ സർവിസ് നടത്തുക.
ഡിസംബർ 31ന് രാവിലെ ആറു മുതൽ ജനുവരി രണ്ടിന് അർധരാത്രി ഒന്നുവരെയാണ് ട്രാമിന്റെ സർവിസ്. ഇതുകൂടാതെ ആഘോഷരാവിൽ സൗജന്യ യാത്ര ഒരുക്കാനായി 14,00 ബസുകളും നിരത്തിലിറക്കാനാണ് ആർ.ടി.എയുടെ പദ്ധതി.
വിപുലീകരിച്ച മെട്രോ, ട്രാം സേവനങ്ങൾ, അധിക പാർക്കിങ് സ്ഥലങ്ങൾ, സൗജന്യ ബസ് സർവിസ് എന്നിവ ജനങ്ങൾക്ക് സൗകര്യപ്രദമായ ഗതാഗത മാർഗങ്ങൾ നൽകുകയും ഗതാഗതക്കുരുക്ക് കുറക്കുകയും ചെയ്യുമെന്ന് ആർ.ടി.എയുടെ ട്രാഫിക് എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അൽ ബന്ന പറഞ്ഞു.
അതേസമയം, ദുബൈ മാൾ മെട്രോ സ്റ്റേഷൻ വൈകീട്ട് അഞ്ചു മണിക്ക് അടക്കും. യാത്രക്കാർ ആഘോഷ സ്ഥലങ്ങളിലെത്താൻ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കണം. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ദുബൈ മാൾ സ്റ്റേഷൻ അടച്ചിടുന്നത്. ചില ആഘോഷ വേളകളിൽ അമിത തിരക്ക് ഒഴിവാക്കാനായി ബുർജ് ഖലീഫ മെട്രോ സ്റ്റേഷനുകൾ പോലുള്ളവ അടച്ചിടാറുണ്ട്.
ദുബൈ: പുതുവത്സരാഘോഷ ദിനമായ ഡിസംബർ 31ന് വൈകീട്ട് നാല് മുതൽ ദുബൈ ശൈഖ് സായിദ് റോഡിലെ പ്രധാന ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഡൗൺ ടൗൺ ദുബൈയിലേക്കും കരിമരുന്ന് പ്രകടനങ്ങൾ നടക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും പോകുന്നവർ യാത്ര നേരത്തെയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതോടൊപ്പം പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും ട്രാഫിക് എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ അൽ ബന പറഞ്ഞു. ഈ മേഖലകളിൽ കരിമരുന്ന് ആസ്വദിക്കാൻ ആഗ്രഹിക്കാത്തവർ നേരത്തെ തന്നെ ഇവിടെ നിന്ന് തിരികെ പോവുകയും ചെയ്യണം.
കരിമരുന്ന് ആസ്വദിക്കാൻ നേരത്തെ ബുക്ക് ചെയ്തവർ വൈകീട്ട് നാലിന് മുമ്പായി എത്തണം. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ഫിനാൻഷ്യൽ സെന്റർ സെന്റ് ലോവർ ഡക്ക്, അൽ മുസ്തഖബ്ബൽ മെട്രോ സ്റ്റേഷൻ, ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ, അൽ സായൽ റോഡ് എന്നിവയാണ് വൈകീട്ട് നാലിന് അടക്കുന്ന റോഡുകൾ.
അൽ സുകൂക് മെട്രോ സ്റ്റേഷൻ, ഫിനാൻഷ്യൽ റോഡിന്റെ ഉയർന്ന ഭാഗം, ശൈഖ് സായിദ് റോഡ് എന്നിവ രാത്രി എട്ടിന് അടക്കും. വെടിക്കെട്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സുമായി സഹകരിച്ച് പ്രത്യേക ഇടങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
വലിയ സ്ക്രീനുകൾ, ഭക്ഷണ സർവിസ് എന്നിവയും സജ്ജമാണ്. കൂടാതെ ഏതാണ്ട് 20,000 അധിക പാർക്കിങ് സ്ഥലവും ദുബൈ മാൾ, സഅബീൽ, ഇമാർ ബൊളിവാർഡ് എന്നിവിടങ്ങളിൽ അനുവദിക്കും. പൊതു ഗതാഗതത്തിനുപകരം സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അൽ വസൽ, ജി.ഡി.ആർ.എഫ്.എ എന്നിവിടങ്ങളിൽ പാർക്കിങ് സ്ഥലം അനുവദിക്കും.
ഇവിടെ നിന്ന് സൗജന്യമായി ബസ് സർവിസും ഉണ്ടാകും. സെന്റർ പോയന്റ്, ഇത്തിസലാത്ത് ഇ ആൻഡ്, ജെബൽ അലി എന്നീ മെട്രോ സ്റ്റേഷനുകളിലും സൗജന്യ പാർക്കിങ് അനുവദിക്കും. അതേസമയം ദുബൈ വാട്ടർ കനാൽ കാൽനട മേൽപാലം, എലിവേറ്ററുകൾ എന്നിവ വൈകീട്ട് നാലിന് അടക്കും.
ഷാർജ: സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഭവനങ്ങൾ സന്ദർശിച്ചു. റോള പ്രയർ യൂനിറ്റിന്റെ ആഭിമഖ്യത്തിൽ നടന്ന കരോൾ സന്ദർശനത്തിന് വികാരി ഫാ. എൽദോസ് കാവാട്ട് നേതൃത്വം നൽകി.
സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിന്റെ ക്രിസ്മസ് കരോളിന്റെ ഭവന സന്ദർശനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.