ദുബൈ: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ, വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ 28ാം സീസണിൽ ഒരു കോടി സന്ദർശകരെത്തിയതായി അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ചയാണ് ആറു മാസത്തിലേറെ നീണ്ട പ്രദർശനത്തിനുശേഷം ഗ്ലോബൽ വില്ലേജിന്റെ ഇത്തവണത്തെ സീസണിന് തിരശ്ശീല വീണത്. കഴിഞ്ഞ വർഷം ഒക്ടോബർ 18നായിരുന്നു സീസൺ ആരംഭിച്ചത്. പുതിയ നിരവധി സവിശേഷതകളോടെ എത്തിയ സീസണ് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും ഒരിക്കൽ കൂടി റെക്കോഡ് ഭേദിക്കുന്ന സന്ദർശകരുടെ ഒഴുക്കാണ് ഇത്തവണയുണ്ടായതെന്നും ദുബൈ ഹോൾഡിങ് എന്റർടെയിൻമെന്റ് സി.ഇ.ഒ ഫെർണാഡോ ഇരിയോവ പറഞ്ഞു. കൂടുതൽ മികവോടെ ലോകത്താകമാനമുള്ള സന്ദർശകരെ ആകർഷിക്കാനായി അടുത്ത സീസണെ ആകാംക്ഷാപൂർവം കാത്തിരിക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
സീസൺ 28ൽ 27 പവിലിയനുകളിലായി 90ലധികം വിവിധ പ്രദർശനങ്ങളാണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരുന്നത്. 400 കലാകാരന്മാർ പങ്കെടുത്ത 40,000 ത്തിലധികം കലാപ്രകടനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കുകയും ചെയ്തിരുന്നു. 200ലധികം റൈഡുകളും വിനോദ ആകർഷണങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന സംവിധാനങ്ങളും ഒരുക്കിയിരുന്നു. കൂടാതെ 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളും 250ലധികം ഭക്ഷ്യശാലകളും സജ്ജീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.