യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പില്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കും VIDEO

ദുബൈ: ഇന്ത്യയില്‍ പോകാന്‍ യു.എ.ഇയിലെ ബിസിനസുകാര്‍ക്ക് അഞ്ചു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ഏപ്രില്‍ ഒന്നു മുതല്‍ അനുവദിക്കും. ബിസിനസുകാര്‍ക്ക് ഇന്ത്യയുമായി വാണിജ്യബന്ധംവും അതിനായുള്ള യാത്രകളും എളുപ്പമാക്കാനുമാണ് ഈ നടപടിയെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സുരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുന്നത്. ഏതാനും മാസങ്ങള്‍ക്കകം അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും  അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
 
ബിസിനസ് ആവശ്യത്തിന് ഇടക്കിടെ ഇന്ത്യയില്‍ പോകേണ്ടവര്‍ക്ക് അഞ്ചുവര്‍ഷത്തെ ബിസിനസ് വിസ  ഏറെ ഉപകാരപ്പെടും. ഓരോ യാത്രക്കും വിസ എടുക്കേണ്ട ആവശ്യം വരില്ല. യു.എ.ഇ പൗരന്മാര്‍ക്കും യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ക്കും പുതിയ വിസ ലഭിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇത്തരം വിസകള്‍ ഉടന്‍ അനുവദിക്കാന്‍ അതാത് രാജ്യങ്ങളിലെ എംബസികള്‍ നടപടിയെടുത്തുവരികയാണ്. 
 
ഇന്ത്യ -യു.എ.ഇ ബന്ധം ഇപ്പോള്‍ ഏറ്റവും ദൃഢമാണെന്ന് നവ്ദീപ് സൂരി പറഞ്ഞു. 2015 ആഗസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. പിന്നീട് രണ്ടുതവണ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഇന്ത്യയിലത്തെി. ഒരു വര്‍ഷം രണ്ടു തവണ ഒരു രാഷ്ട്ര നേതാവും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടാകില്ല. പ്രോട്ടോകാള്‍ ലംഘിച്ച് പ്രധാനമന്ത്രി മോദി വിമാനത്താവളത്തില്‍ ചെന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചത്.
 
റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ ക്ഷണിച്ചതും  ബന്ധത്തിന്‍െറ ആഴം വ്യക്തമാക്കുന്നു. യു.എ.ഇ തങ്ങളുടെ ഏറ്റവും അടുത്ത മിത്രമാണെന്ന് ലോകത്തോടുള്ള പ്രഖ്യാപനമാണ് ഈ നടപടികള്‍. വെറും സന്ദര്‍ശനങ്ങളില്‍ ഒതുങ്ങുന്നില്ല ഈ ബന്ധം. നിരവധി കരാറുകളും ധാരണകളും ഇരുരാജ്യങ്ങളൂം തമ്മിലുണ്ടാക്കിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുന്നു. 
 
നിക്ഷേപം, പ്രതിരോധ സഹകരണം ,സുരക്ഷ എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും ഊന്നല്‍ നല്‍കുന്നത്. അബൂദബിയില്‍ നടന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തില്‍ ഇതാദ്യമായി  പ്രതിരോധ സഹമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം പങ്കെടുത്തു. ഫലപ്രദമായ ചര്‍ച്ചകള്‍ അദ്ദേഹം യു.എ.ഇ നേതാക്കളുമായി നടത്തി. ആ സമയം തന്നെ ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ യു.എ.ഇയിലത്തെി. അവര്‍ക്ക് ഇന്ത്യന്‍ എംബസി നല്‍കിയ വിരുന്നില്‍ യു.എ.ഇ സായുധ സേനയിലെ ഉന്നതര്‍ പങ്കെടുക്കുകയുണ്ടായി. പിന്നാലെ നാവിക സേന മേധാവി അബൂദബിയിലത്തെി. ഇപ്പോള്‍ ദുബൈയില്‍ നടക്കുന്ന ഗള്‍ഫൂഡ് ഭക്ഷ്യ മേളയില്‍ 250 ലേറെ ഇന്ത്യന്‍ കമ്പനികളാണ് പങ്കെടുക്കുന്നത്.
 
അടുത്ത ഞായറാഴ്ച റയില്‍വേ സഹ മന്ത്രി സുരേഷ് പ്രഭു വരുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയില്‍ അബൂദബി നിക്ഷേപ അതോറിറ്റി നിക്ഷേപമിറക്കാന്‍ താല്പര്യം കാണിച്ച സാഹചര്യത്തിലാണ് അദ്ദേഹം വരുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - multiple entry business visa Navdeep Suri Indian ambassador in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT