ദുബൈ: റമദാനിലും കായിക പ്രവർത്തനങ്ങൾക്ക് വിശ്രമം നൽകേണ്ടതില്ലെന്ന ആഹ്വാനവുമായി നാസ് സ്പോർട്സ് ടൂർണമെന്റ് ഇക്കുറിയും നടക്കും. ദുബൈ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നാദൽ ഷിബ സ്പോർട്സ് കോംപ്ലക്സിലാണ് വിവിധ കായിക മത്സരങ്ങൾ അരങ്ങേറുക. രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റമദാൻ രാവുകളെ സജീവമാക്കി എട്ടു കായിക മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വോളിബാൾ, പാഡൽ ടെന്നിസ്, അമ്പെയ്ത്ത്, ഫെൻസിങ്, ഓട്ടം, സൈക്ലിങ്, വീൽചെയർ ബാസ്കറ്റ്ബാൾ, ജിയു ജിത്സു എന്നിവയാണ് അരങ്ങേറുന്നത്. പ്രവാസികൾക്കും സ്വദേശികൾക്കും പങ്കെടുക്കാം. റമദാൻ രാവുകളിലായിരിക്കും മത്സരങ്ങൾ.
വ്യക്തിഗതമായും സംഘങ്ങളായും മത്സരത്തിന് രജിസ്റ്റർ ചെയ്യാം. വോളിബാളിൽ പങ്കെടുക്കുന്ന ടീമുകൾ ഈ മാസം 23ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഓരോ ടീമിലും 14 താരങ്ങളെ വരെ ഉൾപ്പെടുത്താം. കുറഞ്ഞത് 10 പേരുണ്ടാവണം. 18 വയസ്സിൽ കൂടുതലുള്ളവർക്കാണ് പങ്കെടുക്കാൻ അവസരം. 14 പേരുള്ള ടീമിൽ 12 പ്രവാസികളും രണ്ട് ഇമാറാത്തികളും ഉണ്ടാവണം. ടീം ലിസ്റ്റ് മാർച്ച് ഒന്നിനും 20നും ഇടയിൽ നൽകണം. ഈ ടീമിൽ മാറ്റം വരുത്താൻ പാടില്ല.
നാല്, അഞ്ച്, 10 കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഓട്ടമത്സരം നടക്കുക. ഏപ്രിൽ മൂന്നുവരെ രജിസ്റ്റർ ചെയ്യാം. കുട്ടികൾക്കും പ്രായമായവർക്കും പുരുഷന്മാർക്കും വനിതകൾക്കും വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാവും. രജിസ്റ്റർ ചെയ്യാൻ nasrunning@dubaisc.ae, 0565336886 എന്ന ഇ-മെയിലിലോ ഫോൺ നമ്പറിലോ ബന്ധപ്പെടണം.
77 കിലോമീറ്ററാണ് സൈക്ലിങ്. 18 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ nascycling@dubaisc.ae, 0545839464 എന്ന നമ്പറിലോ ഇ-മെയിലിലോ മാർച്ച് 25ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വീൽചെയർ ബാസ്കറ്റ്ബാളിൽ പങ്കെടുക്കുന്നവർ മാർച്ച് 16ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഇ-മെയിൽ: naswhbasket@dubaisc.ae, ഫോൺ: 054-5839463.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.