ദുബൈ: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിൽ മൂന്നു സെന്ററുകളിലായി ഞായറാഴ്ച നിരവധി വിദ്യാർഥികൾ പരീക്ഷയെഴുതും.
ദുബൈ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ(ഗേൾസ്), അബൂദബി ഇന്ത്യൻ സ്കൂൾ, മുറൂർ എന്നിവിടങ്ങളിലാണ് പരീക്ഷാ സെൻററുകളുള്ളത്. ജി.സി.സിയിൽ ഏറ്റവും കൂടുതൽ സെന്ററുകളുള്ളത് യു.എ.ഇയിലാണ്. യു.എ.ഇയിലെ സെൻററുകളിൽ പരീക്ഷക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഉച്ച 12.30 മുതൽ 3.50 വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാൽ, രാവിലെ 9.30 മുതൽ സെന്ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കും. 12 മണിക്കുശേഷം വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കിൽ neet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ 011-40759000 എന്ന ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത്തവണ ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ ‘നീറ്റ്’ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക പടർത്തിയിരുന്നു. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. ഖത്തർ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാൻ (മസ്കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
ഗൾഫ് മേഖലയിൽ സെന്ററുകൾ തുടരാനുള്ള തീരുമാനത്തോടെ വിദ്യാർഥികൾ ആശങ്ക മാറി ആത്മവിശ്വാസത്തോടെയാണ് ഇത്തവണ പരീക്ഷക്ക് ഇരിക്കുന്നതെന്ന് നീറ്റ് പരിശീലന സ്ഥാപനമായ യുനീക് വേൾഡ് എജുക്കേഷൻ സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് ശാക്കിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.