പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ദുബൈ ഭരണകൂടം എന്നും മുന്നിലാണ്. ഇപ്പോഴിതാ ബസ് യാത്രക്കാർക്കായി ഹൈടെക് സംവിധാനങ്ങളോട് കൂടിയ 762 കാത്തിരിപ്പു കേന്ദ്രങ്ങൾ കൂടി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
2025ൽ നിർമാണം പൂർത്തീകരിക്കാനാണ് പദ്ധതി. ആകർഷകമായ ഡിസൈനോട് കൂടി ഉപഭോക്തൃ സൗഹൃദപരമായാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കുന്നത്. വാസ്തുവിദ്യ രൂപകൽപനയെ മികവുറ്റതാക്കുന്ന ഘടകങ്ങൾ ഇതിനായി ഉപയോഗിക്കും. ദുബൈയുടെ പരിഷ്കൃത സ്വഭാവം വിളിച്ചോതുന്ന രീതിയിലായിരിക്കും രൂപകൽപന. സുരക്ഷിതവും സുസ്ഥിരവുമായ നഗര ജീവിതത്തിന്റെ ഒരു പ്രതിരൂപമായി ഇത്തരം ബസ് കേന്ദ്രങ്ങളെ ആർ.ടി.എയുടെ തീരുമാനം. ചില കമ്പനികളുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ത്രിഡി പ്രിന്റിങ് സാങ്കേതിക വിദ്യകളും നിർമാണത്തിന് ആർ.ടി.എ തേടുന്നുണ്ട്.
വീൽചെയറുകളിൽ യാത്ര ചെയ്യുന്നവർ ഉൾപ്പെടെ നിശ്ചയാർഢ്യ വിഭാഗങ്ങൾക്ക് എത്തിപ്പെടാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് നിർമാണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ, നിലവിൽ പൊതു ബസ് സർവിസുകൾ തുടരുന്നതും ഭാവിയിൽ കൂടുതൽ ആവശ്യമുള്ളതുമായ സ്ഥലങ്ങൾ, ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ സ്ഥലങ്ങൾ തുടങ്ങി നിരവധി ഘടങ്ങൾ വിലയിരുത്തിയായിരിക്കും പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കുക. ഇതിനായി ബസ് സ്റ്റോപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി മേഖലകളെ തരം തിരിച്ചിട്ടുണ്ട്. പ്രതിദിനം 750 പേർ ഉപയോഗിക്കുന്ന ബസ്റ്റോപ്പുകളെ മെയിൻ സ്റ്റോപ്പുകളായി പരിഗണിക്കും.
250 മുതൽ 750 വരെ യാത്രക്കാരാണെങ്കിൽ സെക്കൻഡറി സ്റ്റോപ്പായും 100 മുതൽ 250 വരെ യാത്രക്കാരുണ്ടെങ്കിൽ പ്രൈമറി സ്റ്റോപ്പായും 100 യാത്രക്കാർ ദിവസും ഉപയോഗിക്കുന്നുണ്ടെങ്കിൽ പിക് അപ്/ഡ്രോപ് സ്റ്റേഷനുകളായും പരിഗണിക്കും. മെയിൻ സ്റ്റോപ്പിൽ നിർമിക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഒരു ഭാഗം ശീതീകരിച്ചവയായിരിക്കും. എല്ലാ കേന്ദ്രങ്ങളിലും ഒരു ഔട്ട്ഡോർ ഏരിയയും പരസ്യങ്ങൾക്കായുള്ള ഇടങ്ങളും ഉണ്ടായിരിക്കും. ബസ് റൂട്ടുകൾ, ഷെഡ്യൂളുകൾ, ബസ് എത്തുന്ന സമയം, യാത്രക്കാരുമായി ബന്ധപ്പെട്ട മറ്റ് പ്രധാന സേവന വിവരങ്ങൾ എന്നിവയും കേന്ദ്രങ്ങളിൽ സജ്ജീകരിക്കും.
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നാണ് ദുബൈ റീഫ് പ്രൊജക്റ്റ്. ആവാസ വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട ചുവടുവെപ്പുകളിലൊന്നാണ് ഈ പദ്ധതി. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ്, റെഗുലേറ്ററി കമ്മിറ്റി ഓൺ ഫിഷിങ് ഓഫ് ലിവിങ് അക്വാട്ടിക് റിസോഴ്സസ്, ദുബൈ ചേംബേഴ്സ്, പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ, നഖീൽ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിര മത്സ്യബന്ധനത്തെ പിന്തുണയ്ക്കുന്നതിനും, ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ദുബൈ നഗരത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിലും സമുദ്ര ജൈവവൈവിധ്യം വർദ്ധിപ്പിക്കുന്നതിലും ദുബൈ. റീഫ് പദ്ധതി നിർണായക പങ്കു വഹിക്കുന്നു.
ദുബൈയിലെ ശുദ്ധജലത്തിൽ 600 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, വിവിധ വലുപ്പത്തിലുള്ള കൃത്രിമ റീഫുകൾ വിന്യസിക്കുന്ന ഒരു ശ്രമമാണ് ദുബൈ റീഫ് പദ്ധതി. ഈ പാറകളുടെ സൂക്ഷ്മമായ രൂപകൽപ്പന മൊത്തം വ്യാസത്തിൽ 400,000 ക്യുബിക് മീറ്റർ കവിയുന്നു, പ്രതിവർഷം ഏഴ് ദശലക്ഷം ടണ്ണിലധികം കാർബൺ പിടിച്ചെടുക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, തീരസംരക്ഷണം, ദുബൈയുടെ കടപ്പുറത്തെ സമുദ്ര ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ഡെലിവറി സേവനങ്ങളിലും സ്വകാര്യ മേഖലകളുടെ പങ്ക് വർധിപ്പിച്ച് ദുബൈയുടെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ട് ദുബൈ റോഡ്സ് ആന്ഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് 68.1 കോടി ദിർഹമിന്റെ 10 പദ്ധതികൾ പ്രഖ്യാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 2024-2026 വർഷങ്ങളിലേക്കുള്ള വൻ വികസന പദ്ധതിയാണിത്. ദുബൈ മെട്രോയുടെ യൂനിയൻ സ്റ്റേഷന് സമീപത്തായി റസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ നിർമാണത്തിനായുള്ള ‘യൂനിയൻ 71’ പദ്ധതിയാണ് ഇതിൽ പ്രധാനം.
അണ്ടർ ഗ്രൗണ്ട് മെട്രോ സ്റ്റേഷനിൽ വാണിജ്യ, റസിഡൻഷ്യൽ യൂനിറ്റുകൾ, ചെറുകിട ഔട്ട്ലെറ്റുകൾ എന്നിവ നിർമിക്കാനാണ് പദ്ധതി. പേർട്ട് സഈദ് ആൻഡ് അൽ കറാമയിൽ മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ, ദേര പ്ലാസയിൽ സ്മാർട്ട് സ്ട്രീറ്റ് ലൈറ്റ്, ഏരിയൽ ടാക്സി, പൊതു ഗതാഗതത്തിനും വാടക വാഹനങ്ങൾക്കുമായി സ്മാർട്ട് പ്ലാറ്റ്ഫോം, അൽ ഖവാനീജ്, അൽ റുവയ്യ, അൽ അവീർ, ജബൽ അലി എന്നിവിടങ്ങളിൽ ആർ.ടി.എ ഡ്രൈവർമാർക്കായി ഹൗസിങ് ക്വോട്ടേഴ്സുകൾ, അൽ കറാമ ബസ്റ്റേഷന്റെയും ദുബൈ ക്രീക്കിന് കുറുകെയുള്ള സ്കൈൻ ഗാർഡന്റെയും വികസനം തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ.
ബഹിരാകാശ ഗവേഷണത്തിനായി 2024ൽ ഒരു വനിത ഉൾപ്പെടെ രണ്ട് യാത്രികരെ ബഹിരാകാശത്തേക്ക് അയക്കുമെന്നാണ് യു.എ.ഇയുടെ പ്രഖ്യാപനം. യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടവകാശിയുമായ ശൈഖ് ഹംദാനാണ് ഭാവി ബഹിരാകാശ സംരംഭങ്ങൾ എക്സിലൂടെ പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രമാണ് ബഹിരാകാശ യാത്രികരായ മുഹമ്മദ് അൽ മുല്ല, നൂറ അൽ മത്രൂഷി എന്നിവരെ അയക്കുന്നതിനായി തയ്യാറെടുക്കുന്നത്.
ആറു മാസത്തെ ദൗത്യം പൂർത്തിയാക്കി ഡോ. സുൽത്താൻ അൽ നിയാദി മെയിൽ ഭൂമിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിന് ശേഷമാണ് കൂടുതൽ പര്യവേക്ഷണത്തിനായി പുതിയ ദൗത്യം പ്രഖ്യാപിച്ചത്. റാശിദ് റോവർ 2 പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ബഹിരാകാശ ഗവേഷണ രംഗത്ത് വൻ പുരോഗതി യു.എ.ഇയുടെ സാമ്പത്തിക വളർച്ചക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാണ് തീരുമാനം. തങ്ങളുടെ സാങ്കേതിക വിദ്യകൾ മറ്റ് രാജ്യങ്ങൾക്ക് ലഭ്യമാക്കാനുള്ള പദ്ധതിയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ആലോചിക്കുന്നുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ ഈ രംഗത്ത് ആഥിപത്യം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.