ദുബൈ: ലോകത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എമിറേറ്റ്സ് എൻ.ബി.ഡിയുമായി സഹകരിച്ച് ബി2ബി പണമിടപാടിന് പുതിയ ഡിജിറ്റൽ പേമെന്റ് സംവിധാനം ആരംഭിച്ചു.എമിറേറ്റ്സ് എൻ.ബി.ഡി എ.പി.ഐ ബാങ്കിങ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സുരക്ഷിതമായ പണമിടപാട് നടത്താൻ സൗകര്യമൊരുക്കുകയാണ് പുതിയ പേമെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
എല്ലാ വിതരണക്കാർക്കും തത്സമയ ഇടപാട് നടത്തുന്നതിനും ഇടപാടുകളെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തുന്നതിനുമായി എമിറേറ്റ്സ് എൻബിഡിയുടെ സാമ്പത്തിക എ.പി.ഐകൾ ഉപയോഗിച്ച്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനായി ബാങ്ക് ഒരു പ്രത്യേക ബി2ബി പേമെന്റ് ചാനൽ നിർമിക്കുകയാണ് ചെയ്യുകയെന്ന് എമിറേറ്റ്സ് എൻ.ബി വോൾസെയിൽ ബാങ്കിങ് ഗ്രൂപ് തലവൻ അഹമ്മദ് അൽ ഖാസിം പറഞ്ഞു. ഇതുവഴി ഉപഭോക്താക്കൾക്ക് സമയനഷ്ടമില്ലാതെ ഇടപാടുകൾ നടത്താനാവും. ആദ്യമായ ഒരു ജ്വല്ലറി ഗ്രൂപ്പുമായി എമിറേറ്റ്സ് എൻ.ബി.ഡി ഡിജിറ്റൽ പേമെന്റ് സംവിധാനം ഒരുക്കുന്നതിനായി സഹകരിക്കുന്നതെന്നും ഷംലാൽ പറഞ്ഞു. ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.