ദുബൈ: വ്യാജ യാത്ര രേഖകളുമായി ദുബൈ എയർപോർട്ടിലുടെ കടന്നുപോകാമെന്ന് കരുതുന്നവർ ജാഗ്രതൈ. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ദുബൈ എമിഗ്രേഷന്‍റെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍റററിനും ഈ മേഖലയിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥകർക്ക് മിനിറ്റുകൾ മതി. ഇത്തരത്തിൽ 20 മാസത്തിനുള്ളിൽ ദുബൈയിലൂടെ യാത്ര ചെയ്ത ആളുകളിൽ നിന്ന് 1610 വ്യാജ യാത്ര രേഖകളാണ് അധികൃതർ പിടിച്ചെടുത്തതെന്ന് ദുബൈ എമിഗ്രേഷൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വെളിപ്പെടുത്തി. പോയ വർഷം 761, ഈ വർഷം ആഗസ്റ്റ് വരെ 849 കൃത്രിമങ്ങളാണ് പിടിക്കൂടിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബൈ വിമാനത്താവളത്തിലെ ഹൈടെക് സാങ്കേതിക വിദ്യകളാണ് വ്യാജൻമാരെ കുടുക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ദുബൈ വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്നത് ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിന്‍റെ സഹായത്തോടുകൂടിയാണ്. വ്യാജ പാസ്പോർട്ടുകളും കെട്ടിച്ചമച്ച രേഖകളും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് കേന്ദ്രത്തിലുള്ളത്. സംശയം തോന്നിയാൽ മിനിറ്റുകൾക്കുള്ളിൽ അത് കൃത്രിമമാണോ അല്ലയോയെന്ന് തിരിച്ചറിയുവാൻ കഴിയും. ദുബൈയിൽ എത്തുന്ന അതിഥികളെ മികച്ച രീതിയിൽ സ്വാഗതം ചെയ്യുവാനും വ്യാജൻമാരെ അതിർത്തികളിൽ തടയുന്നതിനുമായി പരിശീലനം ലഭിച്ച 1357 മുൻനിര ഉദ്യോഗസ്ഥരാണ് പാസ്പോർട്ട് കൺട്രോളർ ഓഫീസർമാരായി സേവനം ചെയ്യുന്നത്.
ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും ഒറിജിനൽ പാസ്പോർട്ടുകളുടെ മാതൃകകളും ഇവരുടെ സിസ്റ്റത്തിൽ ലഭ്യമാണ്. അതിനാൽ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്പോട്ടിലെ പൊരുത്തകേടുകൾ ഉടൻ കണ്ടത്താൻ കഴിയും. പിടികൂടുന്ന യാത്രക്കാരുടെ കേസുകൾ പലപ്പോഴും വിത്യസ്തമായിരുക്കും. സുരക്ഷാ അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പാസ്പോർട്ടിൽ വരുത്തുന്ന മാറ്റങ്ങൾ, പാസ്പ്പോർട്ടിലെ യഥാർത്ഥ പേജ് മാറ്റി പുതിയ പേജ് ഉൾപ്പെടുത്തൽ, ഫോട്ടോയിലും പേരിലും മാറ്റം വരുത്തൽ, ആൾമാറാട്ടം തുടങ്ങിയവയാണ് കൂടുതലും കുടുങ്ങുന്നത്. ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും മാതൃകകൾ ഉൾക്കൊള്ളുന്ന ഡാറ്റാബേസ് ഇവിടെ തയ്യാറാണ്. ക്യു ആർ കോഡ്, വാട്ടർമാർക്ക് പോലുള്ളവ വഴിവ്യാജമാരെ അതിവേഗം തിരിച്ചറിയാൻ കഴിയും. പാസ്പോർട്ട് പരിശോധിക്കായി മികച്ച സൗകര്യങ്ങളോട് കൂടിയ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദിവസവും പുതിയ അപ്ഡേഷൻ ഇല്ലെങ്കിൽവ്യാജന്മാർ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. അതിനാൽ ഈ രംഗത്തെ അത്യാധുനിക സംവിധാനങ്ങൾ മുഖേന പഴുതടച്ച പരിശോധന ഉറപ്പുവരുത്തുകയാണ് അധികൃതർ. ലോകത്ത് ഏറ്റവും അധികം യാത്രക്കാർ എത്തുന്ന വിമാനത്താവളങ്ങളമായ ദുബൈ എയർപോർട്ടിൽ തിരക്കാണ് പ്രധാന വെല്ലുവിളി. എന്നാൽ, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം ചെയ്യുന്നത്. സെക്കൻഡുകൾക്കുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു. പാസ്‌പോർട്ട് ഓഫിസർമാർക്ക് ദയയും അനുകമ്പയും സദാപുഞ്ചിരിയും ആവശ്യമാണെന്നും യാത്രക്കാരുടെ മുഖത്ത് എമിറേറ്റ്‌സിന്‍റെ പുഞ്ചിരി എപ്പോഴും നിലനിൽക്കണമെന്നുമുള്ള ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ വാക്കുകളിലുണ്ട് ദുബൈയിലെ ഉദ്യോഗസ്ഥരുടെ സ്വഭാവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.