ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം അംഗീകരിച്ച പുതിയ ഏകീകൃത ടൂറിസം പദ്ധതി പ്രകാരം, സ്വദേശത്തും വിദേശത്തും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ യു.എ.ഇയെ അടയാളപ്പെടുത്തുമെന്നും വലിയ തോതിൽ യാത്രക്കാരെ ആകർഷിക്കുന്നതിന് ഇതു വഴിയൊരുക്കുമെന്നും വിലയിരുത്തപ്പെടുന്നു. പ്രകൃതിയും ചരിത്രവും പൈതൃകവും സംസ്കാരവും കൊണ്ട് സമ്പന്നമായ ഇമാറാത്തിനെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.
വൈവിധ്യമാർന്ന ആകർഷണങ്ങളും അനുഭവങ്ങളുമുള്ള ഒരൊറ്റ വിനോദസഞ്ചാര കേന്ദ്രമായി യു.എ.ഇയെ ലോകത്തിന് പരിചയപ്പെടുത്തുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമെന്ന നിലയിൽ രാജ്യത്തെ ടൂറിസം മികച്ച വളർച്ച കൈവരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഏഴ് എമിറേറ്റുകളിൽ ഓരോന്നും മനംകവരുന്ന വിനോദസഞ്ചാര അനുഭവങ്ങളാൽ സമ്പന്നമാണ്. കാഴ്ചകൾക്കൊപ്പം സാംസ്കാരിക, പുരാവസ്തു, വാസ്തുവിദ്യാനിധികൾ എന്നിവയും ഉൾക്കൊള്ളുന്നു. വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഏകീകരിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് -ശൈഖ് മുഹമ്മദ് വ്യക്തമാക്കി.യു.എ.ഇയുടെ ശൈത്യകാലം ആേഘാഷമാക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 'മോസ്റ്റ് ബ്യൂട്ടിഫുൾ വിൻറർ ഇൻ ദ വേൾഡ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി രാജ്യത്തെ മുഴുവൻ ജനങ്ങളെയും ആകർഷിക്കാനും ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്തലുമാണ് ലക്ഷ്യം. ആഭ്യന്തര ടൂറിസം വഴി 41 ബില്യൺ ദിർഹമാണ് വരുമാനമെന്നും ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ലോക്കൽ ടൂറിസം അധികൃതരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ് എമിറേറ്റുകളിലെയും ഇതുവരെ കാണാത്ത ടൂറിസം കേന്ദ്രങ്ങളും ലാൻഡ്മാർക്കുകളും പുറത്തുകൊണ്ടുവരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഒരുമിച്ച് ഐക്യത്തോടെയുള്ളത് മാത്രമാണ് മുന്നോട്ടുള്ള വഴിയെന്ന് കോവിഡ് മഹാമാരി ഇതിനകം പഠിപ്പിച്ചുകഴിഞ്ഞു. യു.എ.ഇ ദേശീയ ബ്രാൻഡിെൻറ ഭാഗമായി ദുബൈയുടെ നേതൃത്വം പുതിയ ഏകീകൃത ടൂറിസം പദ്ധതിക്ക് വഴിയൊരുക്കി.
പ്രാദേശികമായും ആഗോളതലത്തിലും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ കഥ ലോകവുമായി പങ്കിടുന്നതിനും പുതിയ പദ്ധതി പ്രചോദനമാകുമെന്ന് മെരെക്സ് ഇൻവെസ്റ്റ്മെൻറ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷഹറാം ഷംസി പറഞ്ഞു. ടൂറിസം മേഖലയിലെ ടീമായി പ്രവർത്തിക്കുന്നതിലൂടെ യു.എ.ഇയുടെ എല്ലാ ഭാഗങ്ങളും ദീർഘകാല നേട്ടങ്ങൾ കൈവരിക്കുമെന്നും സമ്പന്നവും വൈവിധ്യപൂർണവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഒരൊറ്റ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ പദവി ഉയർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
സിറ്റി വാക്ക്, ദി ബീച്ച്, ലാ മെർ എന്നിവ ദുൈബയുടെ ശൈത്യകാലം ആസ്വദിക്കാൻ അനുയോജ്യമായ സ്ഥലങ്ങളാണ്. ആൽഫ്രെസ്കോ, ടെറസ് ഡൈനിങ് മുതൽ മികച്ച ബീച്ച് ഡെയ്സ് വരെ വർഷത്തിലെ ഏറ്റവും മനോഹരമായ സമയം ചെലവഴിക്കാൻ കഴിയുന്ന 'മോസ്റ്റ് ബ്യൂട്ടിഫുൾ വിൻറർ ഇൻ ദ വേൾഡ്' കാമ്പയിനുമായി സഹകരിക്കുന്നുണ്ട്.പുതിയ പദ്ധതി മറ്റ് ആഗോള കേന്ദ്രങ്ങൾക്കിടയിൽ യു.എ.ഇയുടെ ടൂറിസം നില ശക്തിപ്പെടുത്തുമെന്ന് ഷാർജ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഡെവലപ്‌മെൻറ് അതോറിറ്റി (ഷുറോക്ക്) എക്സിക്യൂട്ടിവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കൽ അഭിപ്രായപ്പെട്ടു. പ്രാദേശികമായും ആഗോളതലത്തിലും ടൂറിസത്തിെൻറ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ യു.എ.ഇയുടെ നില ശക്തിപ്പെടുത്താൻ ഈ പുതിയ ഘട്ടം വളരെ പ്രയോജനപ്രദമാകും.
ഓരോ എമിറേറ്റുകളിലും ചരിത്രപരമായ പര്യവേക്ഷണത്തിന് യു.എ.ഇ നിവാസികളെയും വിദേശ സന്ദർശകരെയും സ്വാഗതം ചെയ്യാൻ ഷുറൂക്ക് ആഗ്രഹിക്കുന്നു. ഇത് യു.എ.ഇയുടെ ചരിത്രപരവും സംസ്കാരികവുമായ ഔന്നത്യത്തിന് മികച്ച സംഭാവനകൾ നൽകിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.