ദുബൈ: എമിറേറ്റിൽ പാർക്കിങ് ഇടങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. പാർക്കിങ്ങിന് കൂടുതൽ ആവശ്യക്കാരുള്ള മേഖലകളെ പ്രീമിയം പാർക്കിങ് ഇടങ്ങളായി പരിഗണിക്കും. ഇത്തരം ഇടങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ കൂടുതൽ നിരക്ക് ഈടാക്കുമെന്ന് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ അറിയിച്ചു. അടുത്ത വർഷം മാർച്ച് മുതലായിരിക്കും പുതിയ നിരക്കുകൾ നടപ്പിലാക്കുക.
പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് തിരക്കേറിയ സമയമായ രാവിലെ എട്ടു മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും മണിക്കൂറിന് ആറ് ദിർഹം ആയിരിക്കും. തിരക്കില്ലാത്ത സമയമായ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയും രാത്രി എട്ട് മുതൽ 10 വരെയും നാല് ദിർഹം നൽകിയാൽ മതി. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ എട്ടു വരെയും ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും.
പ്രീമിയം പാർക്കിങ് മേഖലകൾ പ്രത്യേക അടയാളങ്ങളും താരിഫ് വിശദാംശങ്ങളും ഉപയോഗിച്ച് അടയാളപ്പെടുത്തും. പാർക്കിൻ വെബ്സൈറ്റിലും പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും ഇതിന്റെ വിശദാംശങ്ങൾ അറിയിക്കും.
മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രീമിയം പാർക്കിങ് ഇടങ്ങൾ നിർണയിക്കുന്നത്. മെട്രോ സ്റ്റേഷന്റെ 500 മീറ്ററിനുള്ളിലെ പ്രദേശങ്ങൾ, തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ള പാർക്കിങ് സ്ഥലങ്ങൾ, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളും പോലെയുള്ള ജനസാന്ദ്രതയും തിരക്കുമുള്ള ഇടങ്ങൾ എന്നിവയാണ് മാനദണ്ഡങ്ങളെന്ന് പാർക്കിൻ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ അലി വിശദീകരിച്ചു.
വലിയ ഇവന്റുകൾ നടക്കുന്ന ഇടങ്ങളിൽ പാർക്കിങ്ങിന് കൂടുതൽ നിരക്ക് ഈടാക്കും. ഇത്തരം ഇവന്റ് സോണുകൾക്ക് സമീപമുള്ള പണമടച്ചുള്ള പൊതു പാർക്കിങ് ഇടങ്ങളിൽ ഫീസ് മണിക്കൂറിന് 25 ദിർഹം ആയിരിക്കുമെന്നാണ് സൂചന.
അടുത്ത വർഷം ഫെബ്രുവരി മുതലായിരിക്കും നടപ്പാക്കുക. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് സമീപമുള്ള ഇടങ്ങളിലായിരിക്കും ഇത് നടപ്പാക്കുന്നത്. ഇവന്റ് സമയത്ത് ഈ സോണുകൾ വ്യക്തമായി അടയാളപ്പെടുത്തുകയും താരിഫ് വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.