ദുബൈ: എമിറേറ്റിലെ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ഇനി ബോറടിക്കേണ്ട. മുന്നിലെ സ്ക്രീനിൽ വാർത്തകളും വിനോദപരിപാടികളും ആസ്വദിക്കാം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) യാത്രക്കാർക്ക് ആഹ്ലാദം പകരുന്നതിന് നവീനപദ്ധതി പ്രഖ്യാപിച്ചത്. 2022ൽ നഗരത്തിലെ 250 ടാക്സികളിൽ ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിച്ച് നടത്തിയ പൈലറ്റ് പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കൂടുതൽ ടാക്സികളിലേക്ക് സ്ക്രീനുകൾ സ്ഥാപിക്കുന്നത്.
ഇ-ടാക്സി സേവനദാതാക്കളായ ഹല ടാക്സി, ബൈനറി മീഡിയ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർത്തകൾക്ക് പുറമെ, വിവിധ ഓഫറുകളും നഗരത്തിലെ മറ്റു പ്രമോഷനുകളും ലൈഫ് സ്റ്റൈൽ വിവരങ്ങളും അടക്കമുള്ളവ യാത്രക്കാരന്റെ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് വായിക്കാനും കാണാനും സാധിക്കും. പദ്ധതിയുടെ ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങിൽ ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റോസിയാൻ, ഹല ടാക്സി സി.ഇ.ഒ ഖാലിദ് നുസൈബ, ബൈനറി മീഡിയ സി.ഇ.ഒയും സഹസ്ഥാപകനുമായ സന്തോഷ് ശർമ എന്നിവർ പങ്കെടുത്തു.
ടാക്സി യാത്രക്കിടയിൽ വിവരങ്ങളും വിനോദവും സമ്മാനിക്കാൻ സാധിക്കുന്ന നൂതന സംവിധാനം ഏർപ്പെടുത്താൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അഹ്മദ് ബഹ്റോസിയാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.