അബൂദബി: അബൂദബി മോഡല്‍ സ്കൂളില്‍ പുതുതായി കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്ക്). സ്കൂളിന്റെ നിലവിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന കുട്ടികളെ മാത്രമേ വരുന്ന അധ്യയന വര്‍ഷം പാടുള്ളൂ എന്നും അധികൃതർ കര്‍ശന നിര്‍ദേശം നൽകി. ഇതോടെ, വിവിധ ക്ലാസുകളില്‍ അധികമായി അഡ്മിഷന് നല്കിയ കുട്ടികളെ കുറക്കേണ്ട സാഹചര്യവുണ്ട്. ആയിരക്കണക്കിന് കുട്ടികളാണ് പുതിയ അഡ്മിഷനായി അപേക്ഷിച്ചിരുന്നത്. കെ.ജി ഒന്ന്, രണ്ട് ക്ലാസുകളിലൊക്കെ പരിധിയിൽ കവിഞ്ഞും കുട്ടികളുണ്ട്. അധികമായി കുട്ടികള്‍ ഉള്ളതിനാല്‍ രാവിലെയും ഉച്ചക്കുമായി രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പഠിപ്പിച്ചുവന്നിരുന്നത്. താല്‍ക്കാലിക സംവിധാനമെന്നനിലയില്‍ സ്കൂള്‍ അധികൃതര്‍ മറ്റ് ബില്‍ഡിങ്ങിലോ മറ്റോ സൗകര്യം ഒരുക്കാൻ ശ്രമംനടത്തിയെങ്കിലും അനുമതിലഭിച്ചില്ല.
ആകെയുള്ള കുട്ടികളില്‍നിന്ന് അഡെക്കിന്റെ മാനദണ്ഡം അനുസരിച്ചുള്ള എണ്ണം മാത്രമേ അനുവദിക്കൂ എന്നും അധികമായിവരുന്നവരെ കുറക്കണമെന്നുമാണ് നിര്‍ദേശം. ഇതോടെ സ്കൂള്‍ അധികൃതരും പ്രതിസന്ധിയിലായിരിക്കുകയാണ്. പുതിയ അഡ്മിഷന് എടുക്കാന്‍ ഒരു സാഹചര്യവും നിലവിലില്ല. സ്കൂള്‍ മാറിപ്പോവുന്നവരുടെയും പഠനം പൂര്ത്തിയാക്കുന്നവരുടെയും എണ്ണത്തിനും ശേഷം അധികമായി കുട്ടികള്‍ വന്നാല്‍ അവരോട് മറ്റ് സ്കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിക്കാനാണ് തീരുമാനം. അതേസമയം, സ്കൂളിലെ അധ്യാപക പാറ്റേണിലും മാറ്റം വരും. ഇത് നിരവധി പേരുടെ ജോലിയെയും ബാധിക്കുമെന്ന പ്രതിസന്ധിയുമുണ്ട്.
പുതിയ അഡ്മിഷന് ഇല്ലാത്തത് നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കും വിനയാവും. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കാണ് അഡ്മിഷനില്‍ ആദ്യപരിഗണന. ഈ വിഭാഗം കുട്ടികളും മറ്റ് സ്കൂളില്‍ പ്രവേശനം എടുക്കേണ്ട സ്ഥിതിയുണ്ട്. 4700ൽ അധികം കുട്ടികളുടെ അപേക്ഷകളാണ് ഈ വര്‍ഷം സ്കൂളില്‍ എത്തിയിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും മറ്റ് സ്കൂളുകളില്‍ ചേരേണ്ടിവരും. ഇതര സ്കൂളുകളെ അപേക്ഷിച്ച് മോഡല്‍ സ്കൂളില്‍ ഫീസ് കുറവാണെന്നതാണ് പ്രവാസികള്‍ക്ക് ആശ്വാസം. മറ്റ് സ്കൂളുകളില്‍ ഭാരിച്ച ഫീസ് നല്കി പഠിപ്പിക്കാന്‍ സാഹചര്യമില്ലാത്തവര്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ്.
തല്‍സ്ഥിതിയില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന എണ്ണം കുട്ടികളെ കെ.ജി വിഭാഗത്തില്‍ മാത്രമായി മാസങ്ങള്‍ക്കുമുമ്പ് മോഡല്‍ സ്കൂളില്‍ അഡ്മിഷന് നല്‍കിയിരുന്നു. ഇതേ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കാണ് പ്രവേശനം നല്‍കിയത്. അഡ്മിഷന് ലഭിച്ച എഴുപതോളം പേരെ സ്കൂളില്‍ പഠിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലവിലുണ്ട്.
സാധാരണക്കാരായ പ്രവാസികളുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന മോഡല്‍ സ്കൂളിലെ പ്രവേശനം നിരസിക്കപ്പെട്ടത് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. കേരള സിലബസ് പിന്തുടരുന്നതും എമിറേറ്റിലെ ഏറ്റവും ഫീസ് കുറവുള്ളതുമായ സ്കൂളാണിത്. മോഡല്‍ സ്കൂളിനെ ആശ്രയിച്ച്, പ്രവേശനത്തിനായി കാത്തിരിക്കുന്നവര്‍ വന്‍ തുക ഫീസ് അടച്ച് മറ്റ് സ്കൂളുകളിലേക്ക് മാറേണ്ടിവരുന്നത് കൂടുതല്‍ ദുരിതമാവും. ഏപ്രിലിലാണ് സി.ബി.എസ്.ഇ, കേരള സിലബസ് സ്കൂളുകളില്‍ ക്ലാസ് ആരംഭിക്കുന്നത്. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കാനുള്ള പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസമാ
ണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.