ഷാർജ: കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ അതി സൂക്ഷ്മത പുലർത്തണമെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൽ ബിൻ മുഹമ്മദ് അൽ ഖാസിമി. നിരപരാധികളെ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഷാർജ പൊലീസ് ജനറൽ കമാൻഡ് ആൻഡ് ഓപറേഷൻസ് സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുൽത്താൻ. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പരിഗണിക്കുമ്പോൾ വ്യക്തികളുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്ന രീതിയിൽ തീരുമാനമെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കണം.
സമൂഹത്തിലും സമപ്രായക്കാർക്കിടയിലും വ്യക്തികളുടെ അഭിമാനം സംരക്ഷിച്ചുകൊണ്ടായിരിക്കണം നടപടികൾ സ്വീകരിക്കേണ്ടത്. ജനങ്ങളുമായി ആശയവിനിമയം ധാർമികവും വിശ്വസനീയവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കണം. അതിന് പ്രഫഷനൽ രീതികൾ അവലംബിക്കുകയും വേണം.
കൃത്യനിർവഹണത്തിൽ വെല്ലുവിളി നേരിടേണ്ടിവരികയാണെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ ജനങ്ങളുമായി മാന്യമായി ഇടപെടണം. സാമ്പത്തികവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യവും സുൽത്താൻ എടുത്തുപറഞ്ഞു. സാധ്യമാകുമ്പോഴെല്ലാം ജയിൽവാസം ഒഴിവാക്കാൻ താൻ പ്രതിജ്ഞബദ്ധമാണ്.
ഗ്രേസ് പിരീഡുകളോ അവരുടെ ബുദ്ധിമുട്ടുകൾ കുറച്ചോ അവരുടെ ആശങ്കകൾ പരിഹരിക്കാൻ വ്യക്തിപരമായി ശ്രമിക്കാറുണ്ടെന്നും സുൽത്താൻ കൂട്ടിച്ചേർത്തു. ഒരു തവണ തടവുശിക്ഷ അനുഭവിച്ചവരാണെങ്കിലും വ്യക്തികളെ ജയിൽ ബിരുദധാരികൾ എന്ന് മുദ്രകുത്തുന്നത് തടയേണ്ടതാണെന്നാണ് തന്റെ അഭിപ്രായം.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ 4138 സൈനികർക്കുള്ള സ്ഥാനക്കയറ്റവും ഭരണാധികാരി അംഗീകരിച്ചു. 14 പൊലീസ് ഉദ്യോഗസ്ഥർക്ക് ഷാർജ പൊലീസ് മെഡലും അദ്ദേഹം സമ്മാനിച്ചു.
2230 മെഡലുകൾ, ബാഡ്ജുകൾ തുടങ്ങിയവയും വിതരണം ചെയ്തു. 2,33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഷാർജ പൊലീസിന്റെ പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇതിൽ 21,700 ചതുരശ്ര മീറ്റർ പ്രധാന ഓഫിസുകൾക്കായുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.