റാസല്‍ഖൈമ: ഇ-മെയിൽ ഹാക്കിങ്ങിലൂടെ സ്വകാര്യ കമ്പനിയിൽനിന്ന് പത്തു ലക്ഷം ദിർഹം കവർന്ന കേസിൽ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് റാസൽ ഖൈമ പൊലീസ്. ഇന്റർനെറ്റ് വഴി വ്യക്തികളുടെ സ്വകാര്യ സാമ്പത്തിക വിവരങ്ങൾ ശേഖരിച്ച് കവർച്ച നടത്തുന്ന സംഘമാണ് പിടിയിലായത്. ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ അറസ്റ്റിലായതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍നുഐമി പറഞ്ഞു. ഇ-മെയില്‍, ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള് ഹാക്ക് ചെയ്യുകയും ഇടപാട് നടത്തുന്ന സ്ഥാപനവുമായി സംശയത്തിനിടനല്‍കാതെ ബന്ധംപുലർത്തുകയുമാണ് തട്ടിപ്പുസംഘത്തിന്റെ രീതി. തുടർന്ന് അക്കൗണ്ട് നമ്പറില്‍ മാറ്റമുണ്ടെന്നും ഫണ്ട് പുതിയ അക്കൗണ്ടിലേക്ക് ട്രാൻസ്ഫര്‍ ചെയ്യണമെന്നും സ്ഥാപനത്തെ അറിയിക്കും. ഈ രീതിയിൽ റാസല്‍ഖൈമയില്‍ ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍നിന്നാണ് പത്തു ലക്ഷം ദിര്‍ഹം സംഘം കവർന്നത്. സ്ഥിരമായി ഇടപാടുള്ള സ്ഥാപനമെന്ന വിശ്വാസത്തിലാണ് കമ്പനി ഇവരുമായി ഇ-മെയിലില്‍ ആശയവിനിമയം നടത്തിയത്. ക്വട്ടേഷനുകളും പര്‍ച്ചേസ് ഓര്‍ഡറും ഉള്‍പ്പെടെ സര്‍വവിവരങ്ങളും ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വ്യാജ ഇ-മെയില്‍ വഴിയായിരുന്നു ആശയവിനിയമയം നടത്തിയത്.
തങ്ങളുടെ ബാങ്ക് അക്കൗണ്ട് മാറ്റിയെന്ന വിവരം സ്ഥാപനത്തെ അറിയിക്കുകയും പുതിയ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറി നിശ്ചിത ദിവസം കഴിഞ്ഞും ഉല്പന്നങ്ങള് ലഭിക്കാത്തതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായ വിവരം കമ്പനി അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് കേസന്വേഷണം ഏകോപിപ്പിച്ചു. സാങ്കേതിക കുറ്റകൃത്യങ്ങള്‍ പ്രഫഷനലായി കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച വിദഗ്ധരുടെ അനുമാനങ്ങള്‍ പ്രതികളെ വേഗത്തില്‍ കുടുക്കാന്‍ സഹായിച്ചു.
രാജ്യത്തിനകത്തുതന്നെ കുറ്റവാളികളുടെ സാന്നിധ്യം കണ്ടെത്തി. സംഘാംഗങ്ങളുടെ അക്കൗണ്ടില്‍ സംശയകരമായ പണമിടപാടുകളും പണം നീക്കിയിരിപ്പും കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ദുബൈ പൊലീസുമായി സഹകരിച്ച് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.