ദുബൈ: വിദേശയാത്രക്കാരുടെ വിവരങ്ങൾ വിമാനക്കമ്പനികൾ ഇന്ത്യൻ കസ്റ്റംസിന് കൈമാറണമെന്ന നിർദേശം പ്രവാസികളെ ബാധിക്കുമെന്ന് ആശങ്ക. ഏപ്രിൽ ഒന്നു മുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. നിർദേശം പാലിക്കാത്ത കമ്പനികൾക്ക് കനത്ത പിഴ ചുമത്താനും നിർദേശമുണ്ട്.
ചട്ടം നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി, ഇന്ത്യയിൽ നിന്നും തിരിച്ചും സർവിസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും കസ്റ്റംസ് ടാർഗറ്റിങ് സെന്റർ പാസഞ്ചറിൽ രജിസ്റ്റർ ചെയ്യണം. ജനുവരി പത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പാണ് യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറേണ്ടത്. ട്രാൻസിറ്റ് യാത്രക്കാരുടേത് അടക്കമുള്ള വിവരങ്ങൾ അറിയിക്കണം. യാത്രക്കാരന്റെ പേര്, ഇ-മെയിൽ, മൊബൈൽ നമ്പർ, യാത്രക്ക് ഉപയോഗിച്ച പേമെന്റ് സംവിധാനം, പി.എൻ.ആർ നമ്പർ, ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതി, ബാഗേജ് തുടങ്ങിയ വിവരങ്ങളെല്ലാം കസ്റ്റംസ് ആവശ്യപ്പെട്ടവയിലുണ്ട്. വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വർധിപ്പിക്കാനാണ് പുതിയ ചട്ടങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.
നിർദേശം പാലിക്കാത്ത വിമാനക്കമ്പനികൾക്ക് 25,000 മുതൽ 50,000 രൂപ വരെ പിഴ ചുമത്താനും വകുപ്പുണ്ട്. പുതിയ ചട്ടം ഗൾഫിലേക്കുള്ള യാത്രയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസലോകം.
വിദഗ്ധ-അവിദഗ്ധ മേഖലയിൽ 90 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ജി.സി.സി രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നത്. 40 ലക്ഷത്തിനടുത്താണ് യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.