പാസ്പോര്‍ട്ടും മൊബൈലും കളവുപോയി; വിസിറ്റില്‍ വന്ന മലയാളി ദുരിതത്തില്‍

അജ്മാന്‍: പാസ്പോര്‍ട്ടും മൊബൈലും കളവ് പോയതിനെ തുടര്‍ന്ന് വിസിറ്റില്‍ വന്ന മലയാളി യുവാവ് ദുരിതത്തില്‍. ജോലി അന്വേഷിച്ച് യു.എ.ഇയില്‍ വന്നിറങ്ങിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവാണ് പ്രയാസത്തിലായത്.

ദുബൈയിലെ ഒരു കഫറ്റീരിയയില്‍ നാട്ടിൽപോയ ഒരാൾക്ക് പകരം ജോലി ലഭിച്ചിരുന്നു.മൂന്നാഴ്ചക്കുശേഷം ഇത് നഷ്ടപ്പെട്ടു. തുടര്‍ന്ന് മറ്റൊരു ജോലി അന്വേഷണത്തിലായിരുന്നു ഇദ്ദേഹം. താമസിക്കുന്ന മുറിയില്‍ കീടനിയന്ത്രണത്തിനായി മരുന്ന് തളിച്ചതു കാരണം ഒരു ദിവസം പുറത്തുകിടക്കേണ്ടിവന്നു. വഴിയരികിലെ ബെഞ്ചില്‍ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്‍റെ പാസ്പോര്‍ട്ടും മൊബൈലും അടങ്ങുന്ന ബാഗ് അജ്ഞാതൻ എടുത്തോടുകയായിരുന്നു.

സംഭവം തിരിച്ചറിയുമ്പോഴേക്കും തസ്കരന്‍ ഓടി മറഞ്ഞതായി യുവാവ് പറഞ്ഞു. ഇപ്പോൾ പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ആരും ജോലി തരാത്ത അവസ്ഥയിലാണ്.

ഔട്ട്‌ പാസിന് ശ്രമിക്കാം എന്ന് ചിലര്‍ പറഞ്ഞെങ്കിലും നടപടിക്രമങ്ങള്‍ക്ക് ആരുടേയും സഹായം ലഭിച്ചില്ലെന്ന് ആദ്യമായി ഗള്‍ഫില്‍ എത്തിയ ഇയാള്‍ പറയുന്നു. ഇതുമൂലം പൊലീസില്‍ പരാതി നല്‍കുന്നതിനും വൈകിപ്പോയി. ഇപ്പോള്‍ വിസയുടെ കാലാവധി കഴിഞ്ഞ് ഒരുമാസം പിന്നിട്ടു.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതില്‍ അജ്മാനിലെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.നാട്ടില്‍ കൂലിപ്പണിക്കുപോയിരുന്ന ഈ യുവാവ് ദുരിതങ്ങള്‍ വീട്ടില്‍ അറിയിച്ചിട്ടില്ലെന്നും എങ്ങനെയെങ്കിലും നാട്ടിലെത്താൻ വഴി തേടുകയാണെന്നും പറയുന്നു.

Tags:    
News Summary - Passport and mobile stolen; Malayalee in distress on visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.