ദുബൈ: യു.എ.ഇയിലെ മുൻനിര ട്രാവൽ ഗ്രൂപ്പായ സ്മാർട്ട് ട്രാവലിന് കണ്ണൂർ വിമാനത്താവളത്തിലേക്ക് 10 ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി ലഭിച്ചു. പൊതു നന്മ ലക്ഷ്യമാക്കി ഏറ്റവും ചുരുങ്ങിയ ചിലവിൽ വിമാനങ്ങൾ ഒാപ്പറേറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സ്മാർട്ട് ട്രാവൽസ് എം .ഡി അഫി അഹ്മദ് അറിയിച്ചു . ഭക്ഷണവും സുരക്ഷ കിറ്റുകളും റാപ്പിഡ് ടെസ്റ്റുമടക്കം 1000 ദിർഹമിൽ താഴെ വരുന്ന രീതിയിൽ യാത്ര സാധ്യമാക്കുവാൻ ശ്രമങ്ങൾ നടത്തി വരികയാണ്. ഈ തുകക്ക് ഉള്ളിൽ ഒതുക്കാൻ ചർച്ചകൾ നടക്കുകായാണെന്നും അഫി അഹ്മദ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ സംഘടനകളും സ്വകാര്യ ട്രാവൽ ഏജൻസികളും സർവീസ് നടത്തിയെങ്കിലും ചാർട്ടേഡ് വിമാനങ്ങൾക്ക് മുഖ്യമന്ത്രി നിർദേശിച്ച വന്ദേഭാരത് നിരക്കിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ, വർഷങ്ങളായി നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തി ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാനം സാധ്യമാക്കാമെന്ന് അഫി അവകാശപ്പെടുന്നു.
വിമാന കമ്പനികളുമായുള്ള വളരെ മികച്ച രീതിയിൽ വില പേശൽ നടത്തിയാലേ ഏറ്റവും കുറഞ്ഞ ചിലവിൽ വിമാനങ്ങൾ വാടകക്ക് എടുക്കാൻ സാധിക്കൂ.
യു.എ.ഇയിൽ ലോക്ക് ഡൗണിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ വിസിറ്റ് വിസ പുതുക്കേണ്ട അത്യാവശ്യക്കാർക്കായി സ്മാർട്ട് ട്രാവൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കിയത് യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങളിൽ അടക്കം വാർത്തയായിരുന്നു. അന്ന് 1800 ലധികം പേരാണ് ഈ സേവനം ഉപയോഗിച്ചത്.
ചാർട്ടേർഡ് വിമാന നിരക്ക് ഈ രീതിയിൽ കുറയുകാണെങ്കിൽ പ്രതിസന്ധിയിലായിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനകരമാവും. യു.എ.ഇയിലെ ദേശിയ എയർലൈനുകളെയാണ് താൻ സർവീസിന് വേണ്ടി ഒരുക്കുന്നതെന്നും അഫി അഹമ്മദ് ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ ആരംഭിച്ച ഘട്ടത്തിൽ തന്നെ വിേദശത്ത് കുടുങ്ങിയ ഇന്ത്യക്കാർക്ക് തിരിച്ചെത്താൻ ചാർട്ടഡ് വിമാനങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അഫി അഹ്മദ് രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.